
ട്വിറ്റര്‍ ഇന്ത്യയെ പൂട്ടിക്കുമെന്ന് മോദി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ സിഇഒ ജാക്ക് ഡോര്‍സി. കര്‍ഷകസമരവുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. ഡോര്‍സി കള്ളം പറയുന്നെന്ന ആരോപണവുമായി കേന്ദ്രസര്‍ക്കാരും ബിജെപിയും രംഗത്തെത്തി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, ട്വിറ്ററിന് വിദേശരാജ്യങ്ങളില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഇന്ത്യയിലെ അനുഭവം ജാക് ഡോര്‍സി വെളിപ്പെടുത്തിയത്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ ബ്ലോക് ചെയ്തില്ലെങ്കില്‍ ട്വിറ്റര്‍ ഇന്ത്യ പൂട്ടിക്കുമെന്ന് മോദിസര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകള്‍ റെയ്ഡ് ചെയ്യുമെന്ന് വെല്ലുവിളിച്ചു. സര്‍ക്കാര്‍ വിരുദ്ധ നിലപാടുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ബ്ലോക് ചെയ്യണമെന്ന് സമ്മര്‍ദമുണ്ടായെന്നും ഡോര്‍സി വ്യക്തമാക്കി.
ഡോര്‍സി കള്ളം പറയുന്നെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു . കര്‍ഷക സമരകാലത്ത് സമാധാനം തകര്‍ക്കുന്ന തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയാറായില്ല. എവിടെയും റെയ്ഡ് നടന്നില്ല, ആരും ജയില്‍ പോയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഡോര്‍സിയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം ഏറ്റെടുത്തു.മോദി സര്‍ക്കാരിന്‍റെ നിലപാടുകള്‍ തുറന്നുകാട്ടിയ ഡോര്‍സിക്ക് നന്ദിയെന്ന് കോണ്‍ഗ്രസ്. അമിത് മാളവ്യ, നൂപുര്‍ ജെ ശര്‍മ തുടങ്ങി സര്‍ക്കാര്‍ പക്ഷവും റാണാ അയൂബ്, പ്രശാന്ത് ഭൂഷണ്‍, സാഗരിക ഘോഷ് സര്‍ക്കാര്‍ വിരുദ്ധ പക്ഷവും സജീവമായതോടെ 2021 ല്‍ സ്ഥാനമൊഴിഞ്ഞ ‘ ട്വിറ്റര്‍ സിഇഒ’ വളരെപ്പെട്ടന്ന് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി.
