മണിപ്പുര്‍ സംഘര്‍ഷഭരിതം; സ്ത്രീയടക്കം 11 പേര്‍ കൊല്ലപ്പെട്ടു; വീടുകള്‍ തീയിട്ടു

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. കുക്കി ഭൂരിപക്ഷ ഗ്രാമങ്ങളില്‍ മെയ്തി വിഭാഗം നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെടിയുതിര്‍ത്തും വീടുകള്‍ക്ക് തീവച്ചുമായിരുന്നു മെയ്തി ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം. ഇതിനിടെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എം.പിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടങ്ങുന്ന കോണ്‍ഗ്രസ് പ്രതിനിധിക സംഘം മണിപ്പുരിലെത്തി.
മണിപ്പുര്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരികയാണെന്ന പ്രഖ്യാപനങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പലതവണ നടത്തിയിട്ടും കൂട്ടക്കൊലകളും സംഘര്‍ഷങ്ങളും നിത്യസംഭവമായി തുടരുകയാണ്. ഏറ്റവും ഒടുവില്‍ ഇന്നലെ രാത്രി രണ്ട് കുക്കി ഭൂരിപക്ഷ ഗ്രാമങ്ങളില്‍ നടന്ന കൂട്ടക്കൊലയില്‍ ഒരു സ്ത്രീയുള്‍പ്പെടെ പതിനൊന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഇംഫാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ ഖമെന്‍ലോക്, അയ്ഗെജങ് ഗ്രാമങ്ങളെ 3500 ലധികം വരുന്ന ആള്‍ക്കൂട്ടമാണ് അക്രമിച്ചത്. ഗ്രാമങ്ങളിലേക്ക് അക്രമികള്‍ ആദ്യം ബോംബെറിഞ്ഞു. ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടിയ ഗ്രാമവാസികളുടെ േനര്‍ക്ക് ഇരുട്ടില്‍ ഒളിച്ചിരുന്നു സായുധ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റതിന്‍റെയും വെട്ടേറ്റതിന്‍റെയും മുറിവുകളാണ് കൊല്ലപ്പെട്ടവരുടെ ദേഹങ്ങളിലുള്ളത്. ഗ്രാമങ്ങളിലെ വീടുകള്‍ വ്യാപകമായി തീവച്ച് നശിപ്പിച്ചു. ഖമെന്‍ലോക് മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു. എന്നിട്ടും ഗ്രാമവാസികള്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. എം.പിമാരായ ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും അടങ്ങിയ കോണ്‍ഗ്രസ് സംഘം ഇന്നലെയാണ് ഇംഫാലില്‍ എത്തിയത്. കലപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച സംഘം, ഇംഫാല്‍ രൂപത പ്രതിനിധികളുമായും ചര്‍ച്ച നടത്തി.
