keralaPolitics

പാർട്ടിയിൽ പ്രവർത്തിക്കാൻ പ്രായപരിധിയില്ല; സിപിഎം നേതൃത്വത്തിനെതിരെ ജി.സുധാകരന്‍

പ്രായപരിധിയുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. പദവികള്‍ വഹിക്കാന്‍ മാത്രമേ പ്രായപരിധിയുള്ളു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്നും അങ്ങനെ ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പ്രായപരിധി ആവാതെതന്നെ താന്‍ സ്വയം പിന്‍മാറുകയാണ് ചെയ്തതെന്ന് ഹരിപ്പാട്ട് സിബിസി വാര്യര്‍ പുരസ്കാര വിതരണചടങ്ങില്‍ പ്രസംഗിക്കുമ്പോള്‍ സുധാകരന്‍ പറഞ്ഞു

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടിയിലെ ചുമതലകളില്‍ നിന്നും ജി. സുധാകരന്‍ ഒഴിവാക്കപ്പെട്ടിരുന്നു. 75 വയസ് പ്രായപരിധി പൂര്‍ത്തിയായതിനെതുടര്‍ന്നാണ് സുധാകരനെ ഒഴിവാക്കിയത്. തനിക്ക് 75 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് അടുപ്പക്കാരോട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹരിപ്പാട് സിപിഎം മുന്‍ നേതാവ് സി ബി സി വാര്യരുടെ പേരിലുള്ള പുരസ്കാരം തോമസ് ഐസക്കിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു പാര്‍ട്ടി നേതൃത്വത്തിനെതിരെ സുധാകരന്‍റെ ഒളിയമ്പ്. പദവികള്‍ വഹിക്കുന്നതിനും കമ്മിറ്റിയില്‍ ഉള്‍പ്പടുന്നതിനുമാണ് പ്രായപരിധി. പാര്‍ട്ടിപ്രവര്‍ത്തനത്തിന് പ്രായപരിധിയില്ല. അങ്ങനെ ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുണ്ടെന്ന് അവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും സുധാകരന്‍ നല്‍കി. താന്‍ എഴുതിക്കൊടുത്തിട്ടാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്.

പ്രവര്‍ത്തിച്ചിട്ട് സ്ഥാനം കിട്ടിയില്ലെങ്കില്‍ അത് ചോദിക്കണമെന്നും പലര്‍ക്കും സ്ഥാനം കിട്ടിയിട്ടില്ല എന്നത് യാഥാര്‍ഥ്യമാണന്നും സുധാകരന്‍. മന്ത്രിയും എംഎല്‍എയുമായാല്‍ ചിലര്‍ ആത്മകഥ എഴുതാന്‍ തുടങ്ങുമെന്ന പരിഹാസവും സുധാകരന്‍ നടത്തി. മന്ത്രിയും എംഎല്‍എയുമൊക്കെ ആകുന്നതിനുമുന്‍പ് എന്തുചെയ്തെന്ന് ചിന്തിക്കണമെന്നും സുധാകരന്‍ പറഞ്ഞു. ആലപ്പുഴയിലെ സിപിഎം ശാക്തിക സമവാക്യങ്ങളില്‍ സുധാകരനെ ഒരു ഗ്രൂപ്പിന്‍റെ ആളായി മാത്രം ചിത്രീകരിക്കാനും പദവികളില്ലാത്തതിന്‍റെ പേരില്‍ പാര്‍ട്ടി പരിപാടികളില്‍നിന്നടക്കം ഒഴിവാക്കാനുമുള്ള ശ്രമങ്ങള്‍ നേതാക്കള്‍ ഉള്‍പ്പെ‌ടെയുള്ള ചിലര്‍ നടത്തിയിരുന്നു. ഇതിനെതിരെകൂടിയാണ് സുധാകരന്‍റെ വാക്കുകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button