സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ തുടര്‍നടപടികള്‍ക്ക് സ്റ്റേ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ആശ്വാസം. ഉണ്ണി മുകുന്ദനെതിരായ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഉണ്ണി മുകുന്ദനെതിരായ കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരിയുമായി സംസാരിച്ചെന്നും, കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് സമ്മതിച്ചതായും ഉണ്ണി കോടതിയെ അറിയിച്ചു. ഇത് വ്യക്തമാക്കുന്ന പരാതിക്കാരിയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചു.
2017ൽ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദൻ അപമര്യദയായി പെരുമാറി എന്നായിരുന്നു കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പു ചുമത്തിയ കേസിൽ ഉണ്ണി മുകുന്ദന് ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു. കേസിൽ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം തള്ളിയ വിചാരണ കോടതി ഉത്തരവിനെതിരായ ഉണ്ണി മുകുന്ദന്റെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ വിചാരണ നടപടികൾ തുടരാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കോടതിക്ക് പുറത്തു വച്ച് ഇരുകക്ഷികളും വിഷയം പറഞ്ഞു തീർത്തത്.
അതേസമയം ഉണ്ണിമുകുന്ദന്റെ പരാതിയിൽ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഒത്തുതീർപ്പായതിനാൽ തുടരേണ്ടതില്ലെന്നു വ്യക്തമാക്കി ഉണ്ണി മുകുന്ദൻ നൽകിയ സത്യവാങ്മൂലമടക്കമാണ് പരാതിക്കാരിയുടെ ഹർജി.
