ആലപ്പുഴയിലും വ്യാജ ഡിഗ്രി വിവാദം; എസ്എഫ്ഐ നേതാവിനെതിരെ നടപടി

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം. കായംകുളം മുന്‍ ഏരിയ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവും എംഎസ്എം കോളജിലെ എംകോം വിദ്യാർത്ഥിയുമായ നിഖിൽ തോമസിനെതിരെയാണ് പരാതി. സർട്ടിഫിക്കറ്റിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പ്രതികരിച്ചു.
നിഖില്‍ തോമസ് കായംകുളം എം എസ് എം കോളജിൽ എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയാണ് ആക്ഷേപം. എംഎസ്എം കോളജിൽ ബികോമിന് നിഖിൽ പഠിച്ചിരുന്നത് 2017-20 കാലഘട്ടത്തിലാണ്.എന്നാല്‍ കോഴ്സ് പൂർത്തിയാക്കിയില്ല. 2021 ല്‍ ഇതേ കോളജില്‍ എം കോമിന് ചേര്‍ന്ന നിഖിൽ ഹാജരാക്കിയത് 2019 -2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആണ് . ഇത് വ്യാജമെന്ന് എസ്എഫ്ഐ പ്രവർത്തക ആണ് പരാതി ഉന്നയിച്ചത്. ഒരേ സമയത്ത് എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് ചോദ്യം. ജില്ലാ സമ്മേളനത്തിനിടെ എസ്എഫ്ഐ പാർട്ടി ഫ്രാക്ഷൻ യോഗത്തിൽ വിഷയം ചർച്ചയ്ക്കു വന്നതോടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിലിനോട് നിർദേശിച്ചു. പ്രായപരിധി കഴിഞ്ഞതിനാൽ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞയാഴ്ച നടന്ന ഏരിയ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നിഖിലിനെ മാറ്റിയിരുന്നു. സർട്ടിഫിക്കറ്റിന്‍റെ ആധികാരികത എസ്എഫ്ഐ പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. കായംകുളം എംഎസ്എം കോളേജിലെ കോഴ്‌സ് റദ്ദാക്കിയാണ് കലിംഗ യൂണിവേഴ്സിറ്റിയിൽ ചേർന്നത്. തുല്യതാ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. സ്ഥാനത്ത് നിന്ന് നീക്കിയത് സർട്ടിഫിക്കറ്റ് വിവാദത്തിലല്ലെന്നും ആർഷോ. 2019 ല്‍ എംഎസ്എം കോളജിൽ കൗൺസിലറും 2020 ല്‍ കേരള സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു നിഖിൽ തോമസ്
