തോട്ടിയുടെ 20,000 വേണ്ട, കാക്കിയുടെ 500 മതി; KSEB ജീപ്പിന്റെ പിഴ ഒഴിവാക്കി എ.വി.ഡി.

സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി. കരാര്‍ വാഹനത്തിനുമുകളില്‍ സുരക്ഷിതമായി തോട്ടി കൊണ്ടുപോകുന്നത് പതിവാണെങ്കിലും ക്യാമറയ്ക്കുമുന്നില്‍പ്പെട്ടാല്‍ ഇനിയും നോട്ടീസ് വന്നേക്കുമെന്ന ഭയമുണ്ട്.
മരച്ചില്ലകൾ മുറിക്കുന്ന തോട്ടി ജീപ്പിനുമുകളിൽ വെച്ചതിന് കെ.എസ്.ഇ.ബി. കരാർവാഹനത്തിന് എ.ഐ. ക്യാമറ ഈടാക്കിയ പിഴ ഒടുവിൽ ഒഴിവാക്കി. അമ്പലവയൽ സെക്ഷൻ ഓഫീസിനായി ഓടുന്ന ജീപ്പിനാണ് കഴിഞ്ഞദിവസം 20,500 രൂപ എ.ഐ. ക്യാമറ പിഴയിട്ടത്. മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റുമായി കെ.എസ്.ഇ.ബി. അധികൃതർ ബന്ധപ്പെട്ടതിനെത്തുടർന്നാണ് പിഴയിൽനിന്ന് ഒഴിവായത്.
യൂണിഫോം ധരിക്കാത്തതിന് 500 രൂപ പിഴയടച്ചാൽ മതിയാകും. വലിയതുക പിഴയടയ്ക്കണമെന്നുകാണിച്ച് നോട്ടീസ് വന്നതിനെത്തുടർന്ന് ബുധനാഴ്ച തോട്ടിയില്ലാതെയാണ് ജീവനക്കാർ ജീപ്പുമായി പോയത്.
ജൂൺ ആറിന് ചാർജുചെയ്ത കേസിന് 17-നാണ് നോട്ടീസ് വന്നത്. വണ്ടിയുടെ ചിത്രങ്ങളും പിഴയ്ക്ക് കാരണമായ കുറ്റങ്ങളും സഹിതം എം.വി.ഡി.യുടെ കത്തുവന്നതോടെ വാഹനയുടമ ഞെട്ടി.
കാലങ്ങളായി ഇതേരീതിയിൽ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയിട്ടത് കെ.എസ്.ഇ.ബി.ക്കും വലിയ ഷോക്കായി. കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരെയും മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തെയും കെ.എസ്.ഇ.ബി. ഇലക്ട്രിക് സെക്ഷൻ അസി. എൻജിനിയർ ഇ.എസ്. സുരേഷ് വിവരമറിയിച്ചു. ഇതോടെയാണ് പിഴയൊഴിവാക്കാനുള്ള നടപടിയായത്.
പിഴ ഒഴിവാക്കിയെങ്കിലും തോട്ടിയുമായി പുറംപണികൾക്ക് പോകാൻപറ്റാത്ത അവസ്ഥയാണിപ്പോൾ. വീണ്ടും പിഴ വരുമെന്ന കാരണത്താൽ തിങ്കളാഴ്ചമുതൽ തോട്ടിയില്ലാതെയാണ് ലൈനിലെ ജോലികൾക്കായി ജീവനക്കാർ പോകുന്നത്. വടുവൻചാൽ നീലിമല എൽ.പി. സ്കൂളിനരികിൽ ഭീഷണിയായി നിൽക്കുന്ന മരച്ചില്ലകൾ മുറിക്കാൻ കഴിഞ്ഞദിവസം വിളിച്ചറിയിച്ചെങ്കിലും പോകാൻ പറ്റിയില്ല.
അമ്പലവയൽമുതൽ നീലിമല സ്കൂൾവരെയുള്ള ഭാഗത്ത് രണ്ടിടത്താണ് എ.ഐ. ക്യാമറകളുള്ളത്. സംസ്ഥാനത്തുടനീളം കെ.എസ്.ഇ.ബി. കരാർ വാഹനത്തിനുമുകളിൽ സുരക്ഷിതമായി തോട്ടി കൊണ്ടുപോകുന്നത് പതിവാണെങ്കിലും ക്യാമറയ്ക്കുമുന്നിൽപ്പെട്ടാൽ ഇനിയും നോട്ടീസ് വന്നേക്കുമെന്ന ഭയമുണ്ട്.
