ലഹരി മരുന്ന് കണ്ണികൾക്ക് പണം കൈമാറിയാൽ തടവും അരലക്ഷം ദിർഹം പിഴയും

ദുബായിയിൽ ലഹരി മരുന്ന് കണ്ണികൾക്ക് പണം കൈമാറുന്നവർക്ക് തടവും അരലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കും. സ്വന്തം ഉപയോഗത്തിനോ മറ്റുള്ളവർക്കു വേണ്ടിയോ ലഹരി മരുന്ന് സംഘവുമായി ഇടപെട്ടാൽ അതും ഗുരുതര കുറ്റകൃത്യമാണ്. ലഹരി വസ്തുക്കൾ കൈമാറാമെന്ന വാഗ്ദാനവുമായി വിദേശ രാജ്യങ്ങളിലെ നമ്പറുകളിൽ നിന്നു വരുന്ന ഫോൺ സന്ദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.
വിവിധ വ്യാപാര സാധ്യതകൾ പറഞ്ഞ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ നിർബന്ധിക്കലാണ് ആദ്യ പടി. ലാഭ വിഹിതം അക്കൗണ്ടിൽ എത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പലരെയും വലയിലാക്കുന്നത്. പിന്നീട് ഈ അക്കൗണ്ടുകൾ ലഹരിമരുന്ന് കച്ചവട വിനിമയങ്ങൾക്ക് ഉപയോഗിക്കുകയാണ് ചെയ്യുക. അക്കൗണ്ട് ഉടമകൾ ഇക്കാര്യം അറിയണമെന്നില്ല.
ബാങ്കുകളിലെ വ്യക്തിഗത അക്കൗണ്ടുകൾ മയക്കുമരുന്നു കച്ചവടക്കാർ ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ലഹരിയുമായി ബന്ധപ്പെട്ട ഇടപാടുകൾ അക്കൗണ്ടുകൾ വഴി നേരിട്ടോ ഇടനിലക്കാർ വഴിയോ നടത്തിയതായി വ്യക്തമായാൽ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും.വിൽപനയിൽ പങ്കാളികൾ ആകുന്നതു മാത്രമല്ല ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് ലഹരി വസ്തുക്കളുടെ പ്രചാരണം നടത്തുന്നതും കടുത്ത കുറ്റമാണ്. 5000 ദിർഹം പിഴയാണ് കുറഞ്ഞ ശിക്ഷ. രാജ്യത്തിനകത്തോ പുറത്തോ ഉള്ള അപരിചതരുമായി ബാങ്ക് ഇടപാടുകൾ പാടില്ല.പണം പിൻവലിക്കുന്നതും അക്കൗണ്ടിൽ തുക നിക്ഷേപിക്കുന്നതും സുതാര്യമാവണം. അനധികൃത, ഇടപാടുകൾ കണ്ടെത്തിയാൽ സെൻട്രൽ ബാങ്കുമായി സഹകരിച്ച് അക്കൗണ്ട് രണ്ടു വർഷത്തേക്ക് മരവിപ്പിക്കും. സംശയാസ്പദമായ ബാങ്ക് ഇടപാടുകൾ ആഭ്യന്തരവകുപ്പാണ് നിരീക്ഷിക്കുന്നത്.
