
5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. 23 വയസുകാരിയായ സമീനയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ബ്ലേഡ് കൊണ്ട് ശരീരത്തില്‍ വരഞ്ഞതായും സമീനയുടെ നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ രണ്ടു ദിവസം തുടര്‍ച്ചയായി പാട്ട് ഉച്ചത്തില്‍ കേള്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. സിദ്ധാര്‍ത്ഥ് വിഹാറില്‍ താമസിക്കുന്ന ഹീന–രമേഷ് ദമ്പതികളുടെ മകന്റെ പിറന്നാളാഘോഷത്തിനായാണ് സമീന അവരുടെ വീട്ടിലെത്തിയത്. തുടര്‍ന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം നഷ്ടമായെന്നു പറഞ്ഞ് ദമ്പതികള്‍ സമീനയെ ചോദ്യം ചെയ്യുന്നത്. വടിയും ദണ്ഡുകളും ഉപയോഗിച്ച് സമീനയെ മര്‍ദിച്ചതായും പൊലിസ് പറയുന്നു. രണ്ടു ദിവസമായി തുടര്‍ച്ചയായി പാട്ട് കേട്ടതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ഉന്നയിച്ച സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് എത്തിയതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ രവികുമാര്‍ പറഞ്ഞു.
