‘നിഖിലിന് നൽകിയത് ഒറിജിനല്‍ സർട്ടിഫിക്കറ്റ്’; അബിനായി തിരച്ചിൽ നോട്ടീസ്

കായംകുളത്ത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ കായംകുളത്തെ വീട്ടിലെത്തിച്ചു തെളിവെടുത്തു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി ഏഴു ദിവസത്തേക്കാണ് നിഖിലിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടു ലക്ഷം രൂപ വാങ്ങി നിഖിലിന് സർട്ടിഫിക്കറ്റും മറ്റു രേഖകളും നൽകിയ മുൻ എസ്.എഫ്.ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി രാജിനായി തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കും.
ഇന്നലെ ഉച്ചയോടെയാണ് കായംകുളത്തെ വീട്ടിൽ നിഖിൽ തോമസിനെ തെളിവെടുപ്പിനെത്തിച്ചത്. വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തുകയായിരുന്നുലക്ഷ്യം. ഇന്നും തെളിവെടുപ്പ് തുടരും. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി ഏഴുദിവസത്തേക്കാണ് നിഖിൽ തോമസിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ടു ലക്ഷം രൂപ വാങ്ങി നിഖിലിന് ഡിഗ്രി സർട്ടിഫിക്കറ്റും രേഖകളും നൽകിയ മുൻ എസ്.എഫ്.ഐ നേതാവ് അബിൻ സി രാജിനെ മാലിദ്വീപിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. കേസിൽ രണ്ടാം പ്രതിയാണ് അബിൻ.സി.രാജ്. സുഹ്യത്തു മുഖേന അബിൻ.സി.രാജുമായി അന്വേഷണോദ്യോഗസ്ഥർ സംസാരിച്ചിരുന്നു. താൻ നൽകിയ സർട്ടിഫിക്കറ്റും രേഖകളും ഒറിജിനലാണെന്നാണ് ഇയാൾ പറയുന്നത്.
പൊലീസ് നിർദേശപ്രകാരം നാട്ടിലെത്തിയില്ലെങ്കിൽ ഇയാൾക്കായി വിമാനത്താവളങ്ങൾ കേന്ദ്രികരിച്ച് തിരച്ചിൽ നോട്ടീസും തുടർന്ന് റെഡ് കോർണർ നോട്ടീസും പുറപ്പെടുവിക്കും. നിഖിലിന് രേഖകൾ നൽകിയ എറണാകുളത്തെ ഓറിയോൺ എന്ന എജൻസി, കലിംഗ യൂണിവേഴ്സിറ്റി അടക്കമുള്ള സ്ഥലങ്ങളിൽ തെളിവെടുപ്പിന് വരും നിഖിലിനെ കൊണ്ടുപോകും. തന്റെ മൊബൈൽ ഫോൺ വീടിനു സമീപള്ള കരിപ്പുഴ തോട്ടിൽ ഉപേക്ഷിച്ചു എന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. ഇത് പൂർണമായും പൊലീസ് വിശ്വസിക്കുന്നില്ല. ഫോൺ കണ്ടെത്താനുളള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നിഖിലിന്റെ ജാമ്യാപേക്ഷയിൽ പൊലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
