കനത്ത മഴ; ഹിമാചലില്‍ ആറു മരണം; ബാഗിപുലില്‍ കുടുങ്ങി 200ഓളം പേർ

മഴക്കെടുതിയില്‍ വലഞ്ഞ് വിവിധ സംസ്ഥാനങ്ങള്‍. ഹിമാചലില്‍ ആറു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരുക്ക്. ബാഗിപുലില്‍ വിനോദ സഞ്ചാരികളും നാട്ടുകാരും അടക്കം ഇരുനൂറോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. അസമില്‍ അഞ്ചു ലക്ഷം പേരാണ് പ്രളയദുരിത ബാധിതരായത്. ഉത്തരേന്ത്യയില്‍ അഞ്ചു ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പല സംസ്ഥാനങ്ങളിലും റോഡ് ഗതാഗതം വലിയ തോതില്‍ തടസപ്പെട്ടിരിക്കുകയാണ്.
അല്‍പം വൈകിയെത്തിയ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഉഗ്രരൂപത്തിലേയ്ക്ക്. ഹിമാചല്‍പ്രദേശിലെ സോളനിലും ഹാമിര്‍പുരിലും ഉരുള്‍പൊട്ടി രണ്ടുപേര്‍ മരിച്ചു. പത്തിലധികം വീടുകള്‍ തകര്‍ന്നു. 10 ട്രെയിനുകള്‍ റദ്ദാക്കി. 4 ട്രെയിനുകളുടെ സര്‍വീസ് വെട്ടിക്കുറച്ചു. ബാഗിപുലില്‍ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ചണ്ഡിഗഡ് മണാലി ദേശീയപാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്‍ഗ്ര, മണ്ഡി, സോളന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍ തോതില്‍ വെള്ളം കയറി. പരാശറില്‍ മേഘവിസ്ഫോടനമുണ്ടായി. ബാഗി പാലം തകര്‍ന്നു. വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്കൂള്‍ ബസ് അടക്കം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. 3 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായും 124 റോഡുകള്‍ തകര്‍ന്നതായും ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു. ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും കനത്ത മഴ തുടരുകയാണ്. രുദ്രപ്രയാഗ്, ഉത്തരകാശി ജില്ലകളിലായി രണ്ട് മരണം. കേദാര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. അസമില്‍ 15 ജില്ലകള്‍ പ്രളയദുരിതത്തിലാണ്. 874 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. മഴ മുന്നറിയിപ്പുള്ള ഡല്‍ഹിയില്‍ പഴക്കം ചെന്ന കെട്ടിടങ്ങളിലുള്ളവര്‍ മാറി താമാസിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒഡീഷയിലും ജാര്‍ഖണ്ഡിലും അസമിലും ഉത്തരാഖണ്ഡിലും ബിഹാറിലും ഡല്‍ഹിലും മഹാരാഷ്ട്രയിലും അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകും.
