സ്റ്റേഷനിൽ നേരത്തെ എത്തി, ട്രെയിനും വന്നു, പക്ഷെ യാത്രക്കാർക്ക് ട്രെയിൻ മിസായി; പണിയായത് റെയിൽവേയുടെ മറവി!

ട്രെയിൻ അറിയിപ്പ് നൽകാൻ വൈകി, മറ്റൊരു പ്ലാറ്റ്ഫോമിലൂടെ ട്രെയിൻ പോയി, ദുരിതത്തിലായി യാത്രക്കാർ

കലബുറഗി: സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിൻ കാണാതെ ഏറെ വിഷമിച്ചിരിക്കുകയായിരുന്നു യാത്രക്കാർ. എന്നാൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തുമെന്ന് അറിയിച്ച ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത് അവർ അറിഞ്ഞിരുന്നില്ല. കർണാടകയിലെ കലബുറഗി സ്റ്റേഷനിലാണ് സംഭവം. സമയക്രമവും പ്ലാറ്റ്ഫോം മാറ്റവും സംബന്ധിച്ച അറിയിപ്പ് നൽകാൻ റെയിൽവേ അധികൃതർ മറന്നതാണ് പൊല്ലാപ്പായത്. ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നടത്താൻ മറന്നുപോയെന്ന് റെയിൽവേ അധികൃതർ സമ്മതിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച പുലർച്ചെ 5.45 മുതൽ പ്ലാറ്റ്ഫോമിൽ 17319 നമ്പർ ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്‌സ്‌പ്രസിനായി കാത്തിരുന്ന യാത്രക്കാരെയാണ് പ്രതിസന്ധിയിലായത്. സ്ഥിരമായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തുന് ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു യാത്രക്കാർ. ട്രെയിൻ എത്തുമെന്ന് പ്രഖ്യാപിച്ചതും ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ. എന്നാൽ എവിടെയും പ്രദർശിപ്പിക്കുകയോ അറിയിപ്പ് നൽകുകയോ ചെയ്യാതെ 6.45 -ലേക്ക് ട്രെയിൻ സമയവും പ്ലാറ്റ്ഫോം നമ്പറും മാറ്റി. 6.45 കഴിഞ്ഞപ്പോൾ ട്രെയിൻ സംബന്ധിച്ച വിവരങ്ങൾ ഇലക്ട്രോണിക് ഡിസ്പ്ലേയിൽ നിന്ന് മാറിയതോടെയാണ് യാത്രക്കാർ സംഭവം അന്വേഷിച്ചത്. ജീവനക്കാരോട് ചോദിച്ചപ്പോൾ അത് മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോയെന്നായിരുന്നു യാത്രക്കാർക്ക് കിട്ടിയ മറുപടി.
സെൻട്രൽ റെയിൽവേ വൃത്തങ്ങൾ പറയുന്നതനുസരിച്ച്. ട്രെയിൻ 6.35ന് എത്തുകയും 6.44ന് പുറപ്പെടുകയും ചെയ്തു. സംഭവത്തിന് ശേഷം സ്റ്റേഷൻ മാസ്റ്ററെ കാണാൻ ഓടിയെത്തിയ യാത്രക്കാരോടാണ്, സ്റ്റാഫ് അറിയിപ്പ് നൽകാൻ മറന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചത്. ക്ഷമാപണം നടത്തിയ അദ്ദേഹം, സംഭവം പരിശോധിക്കുമെന്നും വ്യക്തമാക്കി. യാത്ര ചെയ്യാൻ പറ്റാതെ പോയവർക്ക് മറ്റൊരു ട്രെയിനായ ഹുസൈൻ സാഗർ എക്‌സ്പ്രസിൽ പോകാൻ സംവിധാനമൊരുക്കി. എന്നാൽ നേരത്തെ ബുക്കിങ് നടത്തി ട്രെയിൻ കാത്തിരുന്നവരെ ഇത് അക്ഷരാർത്ഥത്തിൽ ദുരിതത്തിലഴ്ത്തി.പുതുതായി ഏർപ്പാടാക്കിയ ട്രെയിനിൽ ടിടിഇമാരുടെയും യാത്രക്കാരുടെയും കാരുണ്യം കൊണ്ടാണ് അവർ യാത്ര ചെയ്തതെന്നും യാത്രക്കാരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.