ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷം; ചികിത്സ തുടങ്ങാനാവാതെ പത്തനംതിട്ട കീഴ്.വായ്പൂർ ഗവൺമെൻറ് ആയുർവേദആശുപത്രി

ഉദ്ഘാടനം കഴിഞ്ഞ് രണ്ടര വർഷം പിന്നിടുമ്പോഴും ചികിത്സ തുടങ്ങാനാകാതെ പത്തനംതിട്ട കീഴ്.വായ്പൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രി. ഒന്നരക്കോടി രൂപ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച ആശുപത്രി സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് തുറക്കാത്തത്. ഇതോടെ കിടത്തി ചികിത്സയ്ക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
1.4 കോടി രൂപ ചെലവിൽ ആയുർവേദ ഡിസ്പെൻസറിക്ക് പുറകിലായി നിർമ്മിച്ച ആശുപത്രി 2020ലാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചകർമ്മ തിയേറ്ററും ഉഴിച്ചിൽ സൗകര്യങ്ങളും ഉൾപ്പെടെ 7000 ചതുരശ്രഅടി വിസ്തീർണ്ണത്തിലാണ് കെട്ടിടം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുറക്കാത്ത ആശുപത്രി ഇപ്പോൾ തെരുവ് നായകളുടെ വിഹാര കേന്ദ്രമാണ്.
കിടത്തി ചികിത്സയ്ക്കായി റാന്നിയിലേക്കോ കോഴഞ്ചേരിയിലേക്കോ തിരുവല്ലയിലേക്കോ പോകേണ്ട അവസ്ഥയിലാണ് കീഴ്.വായ്പൂരുകാർ. അതേ സമയം പുതിയതായി നിലവിൽവന്ന മാനദണ്ഡങ്ങൾ ആശുപത്രി തുറന്നു പ്രവർത്തിക്കാൻ വിലങ്ങുതടി ആകുന്നെന്നാണ് അധിക്യതരുടെ ന്യായീകരണം.
