kerala

പക, അതുവീട്ടാനുള്ളതാണ്; തോട്ടി കൊണ്ടുപോയതിന് പിഴയിട്ട എഐ കാമറ റൂമിന്റെ ഫ്യൂസൂരി കെഎസ്ഇബി; വയനാട്ടില്‍ വകുപ്പുകള്‍ തമ്മില്‍ അസാധാരണ പോരാട്ടം

വയനാട്ടില്‍ വകുപ്പുകള്‍ തമ്മില്‍ പോരില്‍ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് പിഴയിട്ടതിന് പിന്നാലെ കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരികൊണ്ട് പോയത്.
വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചെന്നുള്ള കാരണം പറഞ്ഞാണ് നടപടി. കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിന് എഐ കാമറ നോട്ടീസ് ലഭിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ എഐ കാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ കൈനാട്ടി ജങ്ഷിനെ കെട്ടിടത്തിലെ ഫ്യൂസാണ് ഊരിയിരിക്കുന്നത്.

വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളുടെ ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിന് 20,500 രൂപ പിഴയടക്കണമെന്ന് എഐ ക്യാമറ നോട്ടീസ് ലഭിച്ചിരുന്നു. വയനാട് ജില്ലയിലെ എഐ ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്. കെഎസ്ഇബി ഫ്യൂസ് ഊരിയതിന് പിന്നാലെ എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് തുകയെടുത്ത് എംവിഡി കുടിശ്ശിക അടച്ചു. ഇതേത്തുടര്‍ന്ന് കെഎസ്ഇബി പിന്നീട് വൈദ്യുതി കണക്ഷന്‍ നല്‍കി.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ കടുത്ത നടപടികളിലേക്ക് കെഎസ്ഇബി കടക്കാറില്ല. പ്രതികാരത്തിന്റെ ഭാഗമായാണ് ഫ്യൂസ് ഊരുന്ന നടപടിയിലേക്ക് കെഎസ്ഇബി കടന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് തോട്ടിക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയ അതേ ഓഫീസിന്റെ തന്നെ ഫ്യൂസ് കെഎസ്ഇബി ഊരിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയാണ് കെഎസ്ഇബി വാഹനം എഐ ക്യാമറയില്‍ കുടുങ്ങിയത്. വാഹനത്തിന് മുകളില്‍ തോട്ടി വച്ച് കെട്ടിയതിന് 20000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് മോട്ടോര്‍ വാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് പിഴയിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button