‘ഒറ്റയെണ്ണത്തെ വെറുതെ വിടില്ല’..; മണ്‍വെട്ടികൊണ്ട് ആഞ്ഞടിച്ചു; കണ്ണീര്‍പ്പന്തല്‍

തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹപന്തലില്‍ വച്ച് അച്ഛനെ അടിച്ചു കൊന്നു. വടശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്. ദാരുണ കൊലപാതകത്തില്‍ അയല്‍വാസി ജിഷ്ണുവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10.30 ഓടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി നടന്ന സല്‍ക്കാരത്തിനിടെ അയല്‍വാസിയായ ജിഷ്ണുവും സഹോദരന്‍ ജിജിനും സുഹൃത്തുക്കളും കയറി വന്ന് ബഹളമുണ്ടാക്കുകയായിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് മാറി. മണ്‍വെട്ടികൊണ്ടാണ് രാജുവിന് അടിയേറ്റത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു കൊലപാതകം.
കൊലപാതകത്തിന് കാരണം അയല്‍വാസി ജിഷ്ണുവിന്റെ വിവാഹാലോചന രാജുവിന്റെ കുടുംബം നിരസിച്ചത് കൊണ്ടെന്ന് ദൃക്സാക്ഷി പറയുന്നു. ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ഈ വിവാഹാലോചന വേണ്ടെന്ന് വച്ചതെന്നും അന്നുമുതല്‍ പ്രതികള്‍ക്ക് വിരോധമുണ്ടെന്നും രാജുവിന്റെ സഹോദരിയുടെ മകള്‍ ഗുരുപ്രിയ മനോരമന്യൂസിനോട് പറഞ്ഞു. രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയതെന്നും വധുവിനെ നിലത്തിട്ട് മര്‍ദിച്ചെന്നും ഗുരുപ്രിയ പറഞ്ഞു. കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും തടയാന്‍ ശ്രമിക്കുന്നതിനിടെ രാജുവിനെ മണ്‍വെട്ടിക്ക് അടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും ഗുരുപ്രിയ വ്യക്തമാക്കി.
വിവാഹവീട്ടിലെ ബഹളം കേട്ടാണ് താനും അച്ഛനും ഓടിയെത്തിയതെന്നും അച്ഛന്റെ തലയ്ക്കും മണ്‍വെട്ടി കൊണ്ട് അടിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ രാത്രി പന്ത്രണ്ടരയോടെ വിവാഹ വീട്ടിലേക്കെത്തിയ അയല്‍വാസികളായ ജിഷ്ണുവും സഹോദരന്‍ ജിജീഷും സുഹൃത്തുക്കളും രാജുവിനെ മണ്‍വെട്ടിക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
