കുടുംബശ്രീയുടെ വായ്പ തട്ടാന്‍ മാഫിയ; വഞ്ചിതരായി വീട്ടമ്മമാര്‍; വെട്ടിച്ചത് കോടികള്‍

കൊച്ചിയില്‍ കുടുംബശ്രീ വായ്പയുടെ മറവില്‍ നൂറ് കണക്കിന് വീട്ടമ്മമാരെ കബളിപ്പിച്ച് കോടികള്‍ തട്ടി അയല്‍ക്കൂട്ട മാഫിയ. ഒരു ഡസനിലേറെ വ്യാജ രേഖകളും സീലും ചമച്ച തട്ടിപ്പ് സംഘം ലക്ഷങ്ങളുടെ വായ്പ തട്ടിയെടുക്കാന്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങളടക്കം ദുരൂപയോഗം ചെയ്തു. കൊച്ചി വെല്ലിങ്ടണ്‍ ഐലന്‍ഡിലെ യൂണിയന്‍ ബാങ്ക് കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നത് ഏഴ് കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍. കുടുംബശ്രീ സംരംഭകങ്ങള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന ലിങ്കേജ് വായ്പയുടെ പേരിലായിരുന്നു തട്ടിപ്പ്.
ഉറ്റവരുടെ ചതിയില്‍ പശ്ചിമ കൊച്ചിയില്‍ ഉള്ളുനീറി കഴിയുന്നത് ഒട്ടേറെ വീട്ടമ്മമാരാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എണ്ണിപറഞ്ഞ് അയല്‍കൂട്ടത്തിലേക്ക് അംഗങ്ങളെ ചേര്‍ത്ത ഏജന്‍റുമാര്‍ അവരുടെ പേരില്‍ തട്ടിയത് പത്ത് മുതല്‍ ഇരുപത് ലക്ഷംവരെ. മാഫിയയുടെ ഏജന്‍റുമാരായെത്തിയത് ഇവരോടൊപ്പം തോളുരുമി നടന്ന രണ്ട് സ്ത്രീകള്‍. വായ്പ തട്ടിയെടുക്കാന്‍ അയല്‍ക്കൂട്ടമാഫിയ നടത്തിയത് കൃത്യമായ ആസൂത്രണം. കൗണ്‍സിലര്‍, സിഡിഎസ്, എഡിഎസ് ഭാരവാഹികളുടെ ഒപ്പ്, സീല്, കത്ത് എന്നിവ വ്യാജമായി നിര്‍മിച്ചു. അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോകള്‍ പോലും അവരറിയാതെ തയാറാക്കി.
കൊച്ചി കോര്‍പ്പറേഷനിലെ 20, 13 വാര്‍ഡുകളിലെ ഏഴ് കുടുംബശ്രീ യൂണിറ്റുകളുടെ പേരിലാണ് വ്യാജരേഖകള്‍ ചമച്ച് പണം തട്ടിയത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന അയല്‍കൂട്ടങ്ങള്‍ക്ക് പത്ത് ശതമനം സര്‍ക്കാര്‍ സബ്സിഡിയും നല്‍കുന്നുണ്ട്. ഇത് കൂടി തട്ടിയെടുക്കുകയായിരുന്നു അയല്‍ക്കൂട്ട മാഫിയയുടെ ലക്ഷ്യം.
