sports

ലോകകപ്പ് ക്രിക്കറ്റ് ആറാം കിരീടം ചൂടി ഓസ്ട്രേലിയ; നിര്‍ണായകമായി ഹെഡിന്റെ സെ‌ഞ്ചറി

ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടി. ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയയുടെ ആറാം കിരീട നേട്ടമാണിത്.

തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തില്‍ നിര്‍ണായകമായത്. ഹെഡ് 120 പന്തുകളില്‍ നിന്നും 137 റണ്‍സ് നേടി പുറത്തായി. 58 റണ്‍സുമായി ലബുഷെയ്ന്‍ മികച്ച പിന്തുണ നല്‍കി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്. ഏഴു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും നാലു റണ്‍സെടുത്ത സ്മിത്തും തുടക്കത്തിലെ പുറത്തായി. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിയും സിറാജും ഓരോ വിക്കറ്റുകള്‍ വീതം നേടി.

പാളിയ ബാറ്റിങ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റുകളെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത കമ്മിന്‍സും ഹേസല്‍വുഡുമാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. പേരുകേട്ട ഇന്ത്യന്‍ നിരയെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും ടീമിനു തിരിച്ചു വരാനായില്ലെന്നു തെളിയിക്കുന്നതായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയും ( 54), കെ. രാഹുലും ( 66) മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

ഓപ്പണര്‍ രോഹിത് ശര്‍മ 47 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍(4), ശ്രേയസ് അയ്യര്‍(4), രവിന്ദ്ര ജഡേജ(9), മുഹമ്മദ് ഷമി ( 6), ജസ്പ്രിത് ബുംമ്ര(1), കുല്‍ദീപ് യാദവ്(10), മൊഹമ്മദ് സിറാജ്(9), സൂര്യ കുമാര്‍ യാദവ്(18). എന്നിങ്ങനെയാണ് പുറത്തായവരുടെ സംഭാവന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button