വാട്സ്ആപ്പ് ജനുവരിയിൽ നിരോധിച്ചത് 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ

ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വളരെയധികം വില നല്‍‍കാറുണ്ട്. അതുകൊണ്ട് തന്നെ സുരക്ഷാപ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പല അക്കൗണ്ടുകളും നിരോധിക്കാറുമുണ്ട്. ഇത്തരത്തില്‍ നിരോധിക്കപ്പെടുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ വാട്സാപ്പ് ഓരോ മാസവും പുറത്തുവിടും. ജനുവരി മാസത്തില്‍ വാട്സാപ്പ് നിരോധിച്ച അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐടി റൂൾസ് 2021 അനുസരിച്ച് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 29 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകളാണ് ജനുവരിയില്‍ വാട്സാപ്പ് നിരോധിച്ചത്. 2023 ജനുവരി 1 മുതൽ ജനുവരി 31 വരെയുള്ള കാലയളവിൽ നിരോധിച്ച അക്കൌണ്ടുകളാണ് ഇവ.

ഇന്ത്യയിലെ തന്നെ ഉപയോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അക്കൗണ്ടുകൾ നിരോധിച്ചത്. രാജ്യത്തെ നിയമങ്ങളോ വാട്സ്ആപ്പിന്റെ സർവ്വീസ് പോളിസികളോ ലംഘിക്കുന്നത് തടയുന്നതിനായിട്ടാണ് വാട്സ്ആപ്പ് ഈ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തത്. നിരോധിച്ച 2,918,000 അക്കൗണ്ടുകളിൽ തന്നെ ഉപയോക്താക്കളിൽ നിന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് നിരോധിച്ച അക്കൌണ്ടുകളുടെ എണ്ണം 1,038,000 ആണെന്നും റിപ്പോർട്ടിൽ പറയുന്നു. 1461 പരാതി റിപ്പോർട്ടുകളാണ് ജനുവരി മാസത്തിൽ മാത്രം വാട്സാപ്പിന് ലഭിച്ചിരിക്കുന്നത്. ഇതിൽ 1337 നിരോധന അപ്പീലുകൾ നൽകിയെങ്കിലും 191 എണ്ണത്തിനെതിരെ മാത്രമാണ് വാട്‌സ്ആപ്പ് നടപടിയെടുത്തത്. സുരക്ഷാ സംബന്ധമായ 7 റിപ്പോർട്ടുകളും പ്ലാറ്റ്‌ഫോമിന് ലഭിച്ചിരുന്നു, എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളൊന്നും എടുത്തില്ല.

വാട്സ്ആപ്പ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നത് തടയാൻ മുൻനിരയിൽ തന്നെ കമ്പനിയുണ്ട് എന്നും നിലവിലുള്ള സുരക്ഷാ ഫീച്ചറുകൾക്കും നിയന്ത്രണങ്ങൾക്കും പുറമേ എഞ്ചിനീയർമാരുടെ ഒരു ടീമിനെ ഇതിനായി നിയമിക്കുന്നുവെന്നും വാട്സ്ആപ്പ് അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സയന്റിസ്റ്റുകൾ, വിശകലന വിദഗ്ധർ, ഗവേഷകർ, ലോ എൻഫോഴ്സ്മെന്റ്, ഓൺലൈൻ സുരക്ഷ, സാങ്കേതിക വികസനം എന്നീ മോഡലുകളിലെ വിദഗ്ധർ ഉണ്ടാകുമെന്നും വാട്സ്ആപ്പ് അറിയിച്ചു.കോൺടാക്‌റ്റുകൾ ബ്ലോക്ക് ചെയ്യാനും പ്രശ്‌നങ്ങളുള്ള കണ്ടന്റുകളും കോൺടാക്‌റ്റുകളും ആപ്പിൽ തന്നെ റിപ്പോർട്ട് ചെയ്യാനും ഉപയോക്താക്കൾക്ക് സൗകര്യം നൽകുന്നുവെന്നും ഉപയോക്താക്കളുടെ ഫീഡ്‌ബാക്കിൽ ശ്രദ്ധ കൊടുക്കുന്നുവെന്നും വാട്സ്ആപ്പ് അറിയിച്ചു. തെറ്റായ വിവരങ്ങൾ തടയുന്നതിലും സൈബർ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിലും വിദഗ്ധരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും വാട്സ്ആപ്പ് അറിയിച്ചു.

വാട്സ്ആപ്പ് ജനുവരിയിൽ നിരോധിച്ചത് 29 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes