ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കര്‍ പുരസ്കാരം; പുതുചരിത്രം

ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കര്‍ പുരസ്കാരം. സംഗീതസംവിധായകന്‍ എം.എം.കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ക്രിട്ടിക്സ് ചോയ്സ് അവാർഡിനും പിന്നാലെയാണ് ഓസ്കര്‍ നേട്ടവും. ലേഡി ഗാഗ, റിഹാന എന്നിവര്‍ക്കൊപ്പമാണ് നാട്ടു നാട്ടു മത്സരിച്ചത്.

എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത തെലുങ്കു ചിത്രം ആർആർആറിൽ ചന്ദ്രബോസ് എഴുതി എം.എം.കീരവാണി ഈണമിട്ട ഗാനം ഗായകരായ രാഹുൽ സിപ്ലിഗുഞ്ജും കാലഭൈരവയും ചേർന്ന് ഓസ്കർ വേദിയിൽ അവതരിപ്പിച്ചു. ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഗാനം തിരഞ്ഞെടുക്കപ്പെടുന്നത്. സ്ലംഡോഗ് മില്യനയർ ചിത്രത്തിൽ എ.ആർ. റഹ്മാൻ സംഗീതം പകർന്നു ലോകപ്രസിദ്ധമായ ‘ജയ് ഹോ’ ഗാനം 2009 ലെ ഓസ്കർ ചടങ്ങിൽ അവതരിപ്പിച്ചിരുന്നു.

തൊണ്ണൂറ്റിയഞ്ചാം ഓസ്കര്‍ വേദിയിലേക്ക് ഇന്ത്യന്‍ വേഷത്തിലാണ് ആര്‍.ആര്‍.ആര്‍ സംഘമെത്തിയത്. സംവിധായകന്‍ എസ്.എസ് രാജമൗലി, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍, കാല ഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ലോകവേദിയിലെ മേല്‍വിലാസമായി മാറുന്ന കീരവാണി

വിവിധ ഭാഷകളില്‍ വിവിധ പേരുകളില്‍ സംഗീതം ഒരുക്കുന്ന എം.എം കീരവാണി ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തിന് ലോകവേദിയിലെ മേല്‍വിലാസമായി മാറിയിരിക്കുന്നു. അമേരിക്കന്‍ മണ്ണില്‍ തെന്നിന്ത്യന്‍ സംഗീതം തലയുയര്‍ത്തി നില്‍ക്കുന്ന നിമിഷങ്ങളായിരുന്നു ഓസ്കര്‍ വേദിയില്‍ കണ്ടത്.

കര്‍ണടക സംഗീതത്തിലെ രാഗത്തിന്‍റെ പേര് കൂടിയാണ് കീരവാണി. പ്രസിദ്ധിയുടെ വഴിയില്‍ അത്ര തിളങ്ങി നില്‍ക്കുന്ന പ്രകൃതക്കാരനല്ല കീരവാണിയെങ്കിലും പാട്ടുകള്‍ മൂളിക്കൊടുത്താല്‍ ഭാഷാഭേദമന്യേ ആളുകള്‍ക്ക് അദ്ദേഹം മുന്‍പരിചയക്കാരനായിരിക്കും. 1990ല്‍ ഇറങ്ങിയ മനസ്സ് മമത എന്ന ചിത്രമാണ് കൊടുരി മരകതമണി കീരവാണിയെ തെലുങ്ക് സിനിമയില്‍ അടയാളപ്പെടുത്തുന്നത്. കരിയറിന്‍റെ തുടക്കത്തിലേ മലയാളത്തിലുമെത്തി. 91ല്‍ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ നീലഗിരി ആദ്യചിത്രം. തൊട്ടടുത്ത വര്‍ഷം സൂര്യമാനസം. കീരവാണിയുെട മെലഡിയില്‍ മലയാളം വിതുമ്പുകയായിരുന്നു.

ഭരതനാണ് പിന്നീട് വീണ്ടും കീരവാണിയെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്, ദേവരാഗം പകരാന്‍. പിറന്നതോ ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങള്‍. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലായിരുന്നു എം.എം. കീരവാണി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. 2014ല്‍ സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കീരവാണിയെ ബന്ധുകൂടിയായ സംവിധായകന്‍ എസ്.എസ് രാജമൗലിയാണ് പിന്തിരിപ്പിച്ചത്. അതൊരു നിയോഗമായിരുന്നുവെന്ന് കാലം തെളിയിച്ചു.

ആര്‍ആര്‍ആറിലെ  ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കര്‍ പുരസ്കാരം; പുതുചരിത്രം

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes