പാസ്പോർട്ട് നഷ്ടമായോ?; പേടിക്കേണ്ട; താൽക്കാലിക പരിഹാരവുമായി യുഎഇ; ചെയ്യേണ്ടത്

ദുബായ്: താമസ വീസയുള്ളവരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടാൽ രാജ്യത്തു പ്രവേശിക്കാൻ രണ്ടു മാസത്തേക്കു താൽക്കാലിക പെർമിറ്റ് നൽകുമെന്നു യുഎഇ. അതിനുള്ളിൽ പുതിയ പാസ്പോർട്ട് നേടണം.

പാസ്പോർട്ട് നഷ്ടപ്പെട്ടവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലാണ് എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ നൽകേണ്ടത്. ഏതൊക്കെ രേഖകൾ നഷ്ടപ്പെട്ടു/കേടായി എന്ന വിവരം 3 പ്രവൃത്തി ദിവസത്തിനകം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ സ്മാർട് സർവീസ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

നടപടിക്രമം

വിദേശത്തു വച്ചു പാസ്പോർട്ട് നഷ്ടപ്പെട്ടവരാണെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടതായി യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പൊലീസ് റിപ്പോർട്ടും നൽകണം. ഒപ്പം പാസ്പോർട്ടിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ സമ്മതപത്രം, യുഎഇ വീസയുടെ പകർപ്പ്, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് എന്നിവയും നൽകണം. 150 ദിർഹമാണ് (ഏകദേശം 3300 രൂപ) ഫീസ്.

പാസ്പോർട്ട് യുഎഇയിൽ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ നിശ്ചിത പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയാണ് ആദ്യ നടപടി. കുട്ടികളുടെ പാസ്പോർട്ടാണ് നഷ്ടപ്പെട്ടതെങ്കിൽ രക്ഷിതാവാണ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടേണ്ടത്. കമ്പനികൾക്ക് കീഴിൽ തൊഴിലെടുക്കുന്നവരാണ് അപേക്ഷകരെങ്കിൽ വിശദാംശങ്ങളോടെ കമ്പനി പൊലീസിൽ പരാതി നൽകണം.കമ്പനിയുടെ ലെറ്റർ ഹെഡിൽ സ്പോൺസറുടെ ഒപ്പും കമ്പനി സീലും പതിച്ച് വിലാസം രേഖപ്പെടുത്തിയിരിക്കണം.

ട്രേഡ് ലൈസൻസ് എസ്റ്റാബ്ലിഷ്മെന്റ് കാർഡ് പകർപ്പുകൾ കത്തിനൊപ്പം വയ്ക്കണം. ആശ്രിത വീസക്കാരുടെ പാസ്പോർട്ടാണു നഷ്ടപ്പെട്ടതെങ്കിൽ സ്പോൺസറായ വ്യക്തിയുടെ ഒപ്പു പതിച്ച സമ്മതപത്രം മതി. തുടർന്ന് അപേക്ഷകരുടെ കോൺസുലേറ്റുകൾ വഴി സ്വദേശത്തേക്കു മടങ്ങാനുള്ള നടപടിയോ പുതിയ പാസ്പോർട്ടിനുള്ള നടപടികളോ ആരംഭിക്കാം.

പാസ്പോർട്ട് നഷ്ടമായോ?; പേടിക്കേണ്ട; താൽക്കാലിക പരിഹാരവുമായി യുഎഇ; ചെയ്യേണ്ടത്

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes