കാലാപാനിയേയും മണിച്ചിത്രത്താഴിനേയും മലർത്തിയടിച്ച മമ്മൂട്ടി ചിത്രം, സിനിമാ ഇൻഡസ്ട്രിയെ പിടിച്ചു കുലുക്കിയ ആ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് ആയിരുന്നു സൂപ്പർ സംവിധാന ജോഡികളായിരുന്ന സിദ്ദിക്ക്-ലാൽ കുട്ടുകെട്ട്. ഒന്നിന് പുറകേ ഒന്നായി വമ്പൻ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ഈ ജോഡി പിരിഞ്ഞത് കാബൂളിവാല എന്ന സിനിമയ്ക്ക് ശേഷം ആയിരുന്നു.

റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിങ്ങനെ അഞ്ച് മെഗാഹിറ്റുകൾക്ക് ശേഷം സിദ്ദിക്കും ലാലും പിരിയാൻ തീരുമാനിക്കുക ആയിരുന്നു. സിദ്ദിക്ക് സംവിധായകൻ ആയി തുടരാൻ തീരുമാനിച്ചു. ലാലാകട്ടെ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു.

സിദ്ദിക്ക് സ്വതന്ത്രമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ മമ്മൂട്ടിയെ നായകനായി നിശ്ചയിച്ചു. അതിനൊരു കാരണം ഉണ്ടായിരുന്നു. അഞ്ച് സഹോദരിമാരുടെ സംരക്ഷകനായ ഒരു സഹോദരന്റെ കഥയായിരുന്നു അത്. ഹിറ്റ്‌ലറെപ്പോലെ ഒരു സഹോദരൻ. മമ്മൂട്ടിക്ക് ചേർന്ന കഥാപാത്രം. ഹിറ്റ്‌ലർ എന്നുതന്നെ ചിത്രത്തിന് പേരും നിശ്ചയിച്ചു നിർമ്മാണം ലാൽ.

മുകേഷ്, ജഗദീഷ്, സായികുമാർ, ഇന്നസെന്റ്, സൈനുദ്ദീൻ, കോഴിക്കോട് നാരായണൻ നായർ, കെ പി എ സി ലളിത, അടൂർ ഭവാനി, കൊച്ചിൻ ഹനീഫ, മോഹൻരാജ്, ശ്രീരാമൻ തുടങ്ങി ഒട്ടേറെ താരങ്ങൾ. മമ്മൂട്ടിയുടെ അഞ്ച് സഹോദരിമാരായി ഇളവരശി, വാണി വിശ്വനാഥ്, സുചിത്ര, ചിപ്പി, സീത എന്നിവർ മമ്മൂട്ടിയുടെ നായികയായി ശോഭനയും.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ് പി വെങ്കിടേഷായിരുന്നു സംഗീതം. പാട്ടുകളെല്ലാം സൂപ്പർഹിറ്റായി. കിതച്ചെത്തും കാറ്റേ, മാരിവിൽ പൂങ്കുയിലേ, നീയുറങ്ങിയോ നിലാവേ, സുന്ദരിമാരേ, വാർതിങ്കളേ എന്നിങ്ങനെ എല്ലാ പാട്ടുകളും ഇന്നും ജനങ്ങളുടെ ചുണ്ടുകളിലുണ്ട്. ആനന്ദക്കുട്ടൻ ആയിരുന്നു ക്യാമറാമാൻ. 1996 ഏപ്രിൽ 12ന് വിഷു റിലീസായി ഹിറ്റ്‌ലർ പ്രദർശനത്തിന് എത്തി.

മോഹൻലാൽ പ്രിയദർശൻ ടീമിന്റെ കാലാപാനി ആയിരുന്നു അന്ന് ഹിറ്റ്ലറെ നേരിട്ട പ്രധാന സിനിമ. എന്നാൽ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ഹിറ്റ്‌ലർ മാറി. തിയേറ്ററുകളിൽ മുന്നൂറിലധികം ദിവസങ്ങൾ പ്രദർശിപ്പിച്ചു. ഇൻഡസ്ട്രിയെ പിടിച്ചുകുലുക്കുന്ന വിജയമായി ഹിറ്റ്‌ലർ മാറി. 1993ൽ മണിച്ചിത്രത്താഴ് സ്ഥാപിച്ച കളക്ഷൻ റെക്കോർഡുകൾ തകർത്ത് എറിഞ്ഞത് ഹിറ്റ്‌ലർ ആയിരുന്നു.

പിന്നീട് അനിയത്തിപ്രാവ് ഹിറ്റ്‌ലറെ മറികടന്നു. അതേ സമയം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഹിറ്റ്‌ലറിലെ മാധവൻകുട്ടി. അന്യഭാഷകളിലേക്ക് ഈ സിനിമ റീമേക്ക് ചെയ്തപ്പോഴും മഹാ വിജയങ്ങൾ ആയി മാറി. തമിഴിൽ സത്യരാജിനെ നായകനാക്കി മിലിട്ടറി എന്ന പേരിലും തെലുങ്കിൽ ചിരഞ്ജീവിയെ നായകനാക്കി ഹിറ്റ്‌ലർ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തു.

ഹിന്ദിയിൽ സുനിൽ ഷെട്ടി നായകനായി ക്രോധ് എന്ന പേരിലും കന്നഡയിൽ വിഷ്ണുവർധനെ നായകനാക്കി വർഷ എന്ന പേരിലും ഹിറ്റ്‌ലറിന് റീമേക്കുകളുണ്ടായി. ‘ഹിറ്റ്ലറിന്റെ ലൊക്കേഷനിലെ നോമ്പ് എന്നെന്നും ഓർമയിൽ തങ്ങി നിൽക്കുന്നതാണ്. നല്ല ചൂടുള്ള സമയത്ത് ആയിരുന്നു റംസാൻ. അതുകൊണ്ട് നോമ്പ് പിടിക്കാൻ സാധിക്കാത്ത വിഷമത്തിലായിരുന്നു ഞാൻ അടക്കമുള്ളവർ.

എന്നാൽ ഷൂട്ടിങ് സെറ്റിൽ എത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങൾക്കെല്ലാം പലദിവസങ്ങളിലും നോമ്പ് നഷ്ടപ്പെട്ടപ്പോഴും നായകനായ മമ്മൂട്ടി എല്ലാനോമ്പും പിടിച്ചാണ് സെറ്റിൽ എത്തിയിരുന്നതെന്ന്. പല ദിവസങ്ങളിലും ഫൈറ്റ് സീനുകളിൽ അടക്കം അദ്ദേഹം അഭിനയിച്ചിരുന്നത് നോമ്പ് പിടിച്ചായിരുന്നു’ എന്നും സംവിധായകൻ സിദ്ദിക്ക് വെളിപ്പെടുത്തിയിരുന്നു.

ആ പ്രാവശ്യത്തെ പെരുന്നാളും ഹിറ്റ്‌ലറിന്റെ ലൊക്കേഷനിൽ ആയിരുന്നു. അന്ന് കോയമ്പത്തൂരിൽ നിന്ന് പ്രത്യേകമായി ബിരിയാണി ഉണ്ടാക്കിക്കൊണ്ടുവന്നാണ് സെറ്റിൽ പെരുന്നാൾ ആഘോഷിച്ചത്. ഇതിനെല്ലാം നേതൃത്വം നൽകിയതാകട്ടെ സാക്ഷാൽ മമ്മൂട്ടി ആണെന്നും സിദ്ദിക്ക് വ്യക്തമാക്കി.

കാലാപാനിയേയും മണിച്ചിത്രത്താഴിനേയും മലർത്തിയടിച്ച മമ്മൂട്ടി ചിത്രം, സിനിമാ ഇൻഡസ്ട്രിയെ പിടിച്ചു കുലുക്കിയ ആ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥ

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes