വ്ലാഡിമിര്‍ പുട്ടിനെതിരെ അറസ്റ്റ് വാറന്റുമായി രാജ്യാന്തര കോടതി; അംഗീകരിക്കില്ലെന്ന് റഷ്യ

യുക്രെയ്നിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെതിരെ രാജ്യാന്തര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റ്. കുട്ടികളെ അനധികൃതമായി യുക്രെയ്നില്‍നിന്ന് റഷ്യയിലേക്ക് കൊണ്ടുവന്നു എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പുട്ടിനെതിരെയുള്ളത്. അതേസമയം രാജ്യന്തര കോടതിയെ അംഗീകരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ യുക്രെയ്നില്‍നിന്ന് റഷ്യയിലേക്ക് അനധികൃതമായി കൊണ്ടുവന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. റഷ്യ നിന്ത്രണമേറ്റെടുത്ത ഭൂപ്രദേശങ്ങളില്‍നിന്നാണ് ഇവരെ എത്തിച്ചത്. മാതാപിതാക്കള്‍ ഉപേക്ഷിച്ചാതാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളില്‍ യുക്രെയ്ന്‍ വിരുദ്ധത വളര്‍ത്തുകയാണ് റഷ്യ. ഇത് നിയമവിരുദ്ധവും യുദ്ധക്കുറ്റവുമാണെന്ന് രാജ്യാന്തര നീതിന്യായ കോടതി വിലയിരുത്തി. മാത്രമല്ല, വ്ലാഡിമിര്‍ പുട്ടിന് ഇക്കാര്യത്തില്‍ വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും ഐ.സി.സി. വ്യക്തമാക്കി. തുടര്‍ന്നാണ് പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനും റഷ്യന്‍ ബാലാവകാശ കമ്മിഷണര്‍ മരിയ അലക്സിയേവ്നയ്ക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. എന്നാല്‍ റഷ്യ രാജ്യാന്തര നീതിന്യായ കോടതിയെ അതുവരെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അറസ്റ്റ് വാറന്റ് ബാധകവുമാവില്ല. അര്‍ഥശൂന്യമെന്നാണ് റഷ്യന്‍ വിദേശകാര്യ വക്താവ് അറസ്റ്റ് വാറന്റിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ചരിത്രപരമായ നീക്കമെന്ന് യുക്രെയ്ന്‍ പ്രതികരിച്ചു. റഷ്യന്‍ ഭരണകൂടം കുറ്റവാളികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ അറസ്റ്റ് വാറന്റിലൂടെ സാധിച്ചുവെന്നും യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ പറഞ്ഞു.

വ്ലാഡിമിര്‍ പുട്ടിനെതിരെ അറസ്റ്റ് വാറന്റുമായി രാജ്യാന്തര കോടതി; അംഗീകരിക്കില്ലെന്ന് റഷ്യ

Related Articles

Back to top button
Would You Like To Receive Notifications On Latest News? No Yes