
കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യം വഴിയുള്ള സഹായം 11 മാസമായി മുടങ്ങിയതോടെ കാസര്‍കോട് എൻഡോസൾഫാൻ ദുരിതബാധിതരുടെ സൗജന്യ ചികിൽസയും മരുന്ന് വിതരണവും പ്രതിസന്ധിയിൽ. ആശുപത്രികള്‍ക്കും നീതി മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമായി രണ്ട് കോടി രൂപയാണ് കൊടുക്കാനുള്ളത്. പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാല് കോടി പതിനേഴ് ലക്ഷം രൂപയും കടലാസുകളിൽ ഒതുങ്ങി. മരുന്ന് നല്‍കിയ വകയില്‍ ഒാരോ നീതി മെഡിക്കല്‍ സ്റ്റോറുകൾക്കും ആറ് ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയാണ് കുടിശ്ശിക. കള്ളാർ പഞ്ചായത്തിലെ മെഡിക്കല്‍ സ്റ്റോര്‍ മരുന്ന് വിതരണം നിര്‍ത്തി.
മംഗളൂരുവിലെ ഉൾപ്പെടെ പതിനേഴ് ആശുപത്രികള്‍ക്ക് ഒരു കോടിയിലധികം രൂപ സര്‍ക്കാര്‍ കൊടുക്കാനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ കാസർകോട് വികസന പാക്കേജിൽ നിന്ന് 4.17 കോടി രൂപ നൽകാൻ തീരുമാനിച്ചെങ്കിലും ഇതുവരെ സാമ്പത്തിക അനുമതി ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ പണം നല്‍കാതിരുന്നതോടെ പതിനൊന്ന് പഞ്ചായത്തുകളിലായി അയ്യായിരത്തിലധികം ദുരിതബാധിതരുടെ തുടർ ചികിൽസയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
