
എടപ്പാൾ : സമൂഹമാധ്യമം വഴി യുവതിയെ ശല്യം ചെയ്ത യുവാവിനെ പിടികൂടാൻ കാത്തിരുന്ന സംഘത്തിനു മുന്നിലെത്തിയത് മറ്റൊരു യുവാവ്. ആളുമാറിയുണ്ടായ മർദനത്തിൽ സാരമായി പരുക്കേറ്റ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ട് എടപ്പാൾ അണ്ണക്കംപാട് വച്ചായിരുന്നു സംഭവം. സമൂഹമാധ്യമം വഴി യുവാവ് യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതിനിടെ നേരിൽ കാണാമെന്ന യുവതിയുടെ നിർദേശ പ്രകാരം യുവാവിനോട് അണ്ണക്കംപാട് എത്താൻ ആവശ്യപ്പെടുകയായിരുന്നു. ചുവപ്പ് കാറിൽ വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ഭർത്താവിന്റെ സഹോദരനും മറ്റൊരു യുവാവും അടക്കമുള്ളവർ കാത്തു നിൽക്കെ അതുവഴിയെത്തിയ മറ്റൊരു ചുവന്ന കാർ യുവാക്കൾ തടഞ്ഞു നിർത്തി യുവാവിനെ കാറിൽ നിന്നും ഇറക്കി ക്രൂരമായി മർദ്ദിച്ചു. സംഭവം കണ്ട് സ്ഥലത്തെത്തിയവരും ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് യുവാവിനെ സ്റ്റേഷനിലെത്തിച്ചു.
കൂടുതൽ ചോദ്യം ചെയ്യലിലാണ് ആളുമാറിയ വിവരം അറിയുന്നത്. ഇതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെ പിടികൂടി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ ലൈവ് വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. സ്ഥലത്ത് തടിച്ചുകൂടിയവരും സംഭവം ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. സംഭവത്തെ തുടർന്ന് എരമംഗലം, തവനൂർ സ്വദേശികളായ 2 പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.
