പേരാമ്പ്രയിൽ 36 കാരിയും 3 മാസം പ്രായമുള്ള കുഞ്ഞും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ, ജീവനാടുക്കിയതെന്ന് സംശയം
കോഴിക്കോട്: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ജനിച്ച കുഞ്ഞിനെയും അമ്മയെയും വീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തുംമീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മയും(36) മൂന്നു മാസം പ്രായമുള്ള മകള്‍ ആഷ്‌വിയെയുമാണ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പേരാമ്പ്ര അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചത്. അഗ്നിരക്ഷേ സേനയെത്തി ഇരുവരെയും പുറത്തെടുത്ത് മേപ്പയ്യൂര്‍ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഗ്രീഷ്മ മകളുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 2013 സെപ്തംബര്‍ 13നായിരുന്ന ഗ്രീഷ്മയും മുചുകുന്ന് സ്വദേശി മനോളി ലിനീഷും തമ്മിലുള്ള വിവാഹം. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. മൃതദേഹം മേല്‍ നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. Read More : 52 ദിവസം പ്രായം, ആൺകുഞ്ഞിനെ ഒരു ലക്ഷത്തിന് വിറ്റു, വെള്ളമടിച്ച് അയൽവാസിയോട് പറഞ്ഞു; അച്ഛനും 2 പേരും പിടിയിൽ (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം: 1056, 0471- 2552056)