മംഗളൂരു: കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.സി.എൽ) കഴിഞ്ഞ മാസം മാത്രം 42,645 അനധികൃത യാത്രക്കാരെ പിടികൂടി. അവരിൽ നിന്ന് റെയിൽവേ യാത്രാക്കൂലിയും പിഴയും ഉൾപ്പെടെ 2.4 കോടി രൂപ ഈടാക്കി. കൊങ്കൺ റെയിൽവേ ശൃംഖലയിലുടനീളം നടത്തിയ 920 പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവുകളിലൂടെയാണ് ഈ യാത്രക്കാരെ തിരിച്ചറിഞ്ഞതെന്ന് കെ.ആർ.സി.എൽ പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഇത്തരം 5493 പരിശോധനകൾ നടത്തി. ഇതിന്റെ ഫലമായി 1,82,781 അനധികൃത യാത്രാ കേസുകൾ രജിസ്റ്റർ ചെയ്യുകയും യാത്രാ നിരക്കുകളും പിഴകളും ഉൾപ്പെടെ 12.81 കോടി രൂപ ഈടാക്കുകയും ചെയ്തു. ടിക്കറ്റില്ലാത്ത യാത്ര തടയുന്നതിനും അംഗീകൃത യാത്രക്കാർക്ക് സുരക്ഷിതവും ചിട്ടയുള്ളതും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിനുമായി കൊങ്കൺ റെയിൽവേ തങ്ങളുടെ ശൃംഖലയിലുടനീളം ടിക്കറ്റ് പരിശോധന നടപടികൾ ശക്തമാക്കിയിട്ടുണ്ട്. യാത്ര ആരംഭിക്കുന്നതിന് മുമ്പ് എല്ലാവരും സാധുവായ ടിക്കറ്റുകൾ വാങ്ങണമെന്ന് കോർപറേഷൻ അഭ്യർഥിച്ചു. ശരിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി. മുഴുവൻ റൂട്ടിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടിക്കറ്റ് പരിശോധന തുടരുമെന്നും റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.

