
തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടു വയസുകാരി മൂന്ന് വാക്സീനെടുത്തിട്ടും ഗുരുതരാവസ്ഥയിൽ. റാന്നി പെരുനാട് സ്വദേശി ഹരീഷിന്റെ മകൾ അഭിരാമിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ളത്. കുട്ടിയുടെ വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഇരുപത്തി നാലാം തീയതിയാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. പാലു വാങ്ങി വരുമ്പോഴായിരുന്നു ആക്രമണം. കയ്യിലും കാലിലും കണ്ണിനടുത്തുമായി ഏഴിടത്ത് കടിയേറ്റിരുന്നു . ഇതു വരെ മൂന്നു വാക്സീൻ എടുത്തിരുന്നു. ഇന്നലെ വൈകിട്ട് ആരോഗ്യ നില വഷളായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണ് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റിയത്. പെരുനാട്ടിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് ഇടപെടുന്നില്ല എന്ന് പരാതിയുണ്ട്. നാട്ടിൽ മിക്കയിടത്തും അലഞ്ഞു തിരിയുന്ന നായകളെ കാണാം. അംഗൻവാടി പരിസരങ്ങളിൽ പോലും നായ ശല്യം രൂക്ഷമാണ്.
