
മഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതില്‍നിന്ന് മുൻ ആരോഗ്യമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ.ശൈലജയെ വിലക്കി സിപിഎം. നിപ- കോവിഡ് പ്രതിരോധത്തിനായിരുന്നു 2022 ലെ മഗ്സസെ പുരസ്കാരത്തിന് ശൈലജയുടെ പേര് നിർദേശിക്കപ്പെട്ടത്. പുരസ്കാരത്തിന് നിർദേശിക്കപ്പെട്ട വിവരം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ശൈലജ പാർട്ടിയെ അറിയിച്ചുവെന്നും പുരസ്കാരത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച പാർട്ടി സ്വീകരിക്കുന്നതിൽ നിന്ന് ശൈലജയെ വിലക്കിയെന്നുമാണ് റിപ്പോർട്ട്. കമ്യൂണിസ്റ്റ് വിപ്ലവകാരികളെ കൊന്നു തള്ളിയ ആളാണ് മുൻ ഫിലിപ്പീൻ പ്രസിഡന്റായിരുന്ന രമൺ മാഗ്സസെയെന്നും അങ്ങനെയൊരാളിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കേണ്ടെന്നുമാണ് പാർട്ടിയുടെ കേന്ദ്ര നേതൃത്വം നിലപാട് എടുത്തത്. തുടർന്ന് പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് ശൈലജ സമതിയെ അറിയിച്ചു.
