Helth

രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് അമിതഭാരം കുറയ്ക്കുമോ?

രാവിലെ ഉണർന്ന ഉടനെ വെള്ളം കുടിക്കുന്നത് ജാപ്പനീസ് വാട്ടർ തെറാപ്പിയുടെ ഭാഗം കൂടിയാണ്

എന്താണ് ജാപ്പനീസ് വാട്ടർ തെറാപ്പി?

ശരീരത്തിന് എന്ത് പ്രശ്നം വന്നാലും വെള്ളം കുടിക്കാൻ നിർദേശിക്കുന്ന ഒരു സുഹൃത്തുണ്ടോ നിങ്ങൾക്ക്? എന്നാൽ അവരെ ഒഴിവാക്കാൻ വരട്ടെ, വെള്ളം കുടിക്കുന്നത് അത്ര നിസാരകാര്യം അല്ല. വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തെറാപ്പി തന്നെയുണ്ട് അങ്ങ് ജപ്പാനിൽ. പാരമ്പര്യമായി ജപ്പാനിൽ പ്രയോഗത്തിലുള്ള ഈ ആചാരം, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനായി ജലത്തിന്റെ പരിവർത്തന ശക്തിയെ ഗുണകരമായി പ്രയോജനപ്പെടുത്തുന്നതാണ് ഈ ജാപ്പനീസ് വാട്ടർ തെറാപ്പി.

രാവിലെ ഉണർന്ന ഉടൻ തന്നെ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ എന്താണ്? ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ കിരൺ ദലാൽ പറയുന്നത്.

ജാപ്പനീസ് വാട്ടർ തെറാപ്പി എങ്ങനെ പ്രവർത്തിക്കുന്നു

ഉണർന്ന ഉടനെ, മറ്റേതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുൻപായി, നാല് മുതൽ ആറ് ഗ്ലാസ് വെള്ളം (ഏകദേശം 160-200 മില്ലി വീതം) കുടിക്കുക. വെള്ളം സാവധാനത്തിൽ കുടിക്കണം, ഇത് ജലം ഫലപ്രദമായി ആഗിരണം ചെയ്യാൻ അനുവദിക്കുന്നു.
ഏതെങ്കിലും ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന്, കുറഞ്ഞത് 45 മിനിറ്റെങ്കിലും മുൻപായി വെള്ളം കുടിക്കാൻ ശുപാർശ ചെയ്യുന്നു. ഇത് ശരീരത്തെ പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ അനുവദിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുന്നത് ശീലമാക്കാൻ നിർദ്ദേശിക്കുന്നു. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക, കൂടാതെ ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണ സമയത്ത് ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.

ജാപ്പനീസ് വാട്ടർ തെറാപ്പിയുടെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?

മെച്ചപ്പെട്ട ദഹനം: വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സ്ഥിരത പ്രോത്സാഹിപ്പിക്കാനും സഹായിക്കും. കാരണം, ഭക്ഷണം വിഘടിപ്പിക്കാനും ദഹനനാളത്തിലൂടെ കൂടുതൽ കാര്യക്ഷമമായി നീങ്ങാനും വെള്ളം സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കുന്നു: ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. കാരണം, വെള്ളം വയറിൽ ഇടം പിടിക്കുന്നതോടെ കൂടുതൽ നേരം പൂർണ്ണത അനുഭവപ്പെടുന്നു. ഇത് ഭക്ഷണം കുറയ്ക്കുന്നു.

ചർമ്മ ആരോഗ്യം മെച്ചപ്പെടുത്തുന്നു: ധാരാളം വെള്ളം കുടിക്കുന്നത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും, ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കി നിലനിർത്താനും സഹായിക്കുന്നു.

ഊർജ്ജത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു: നിർജ്ജലീകരണം ക്ഷീണത്തിനും കുറഞ്ഞ ഊർജ്ജ നിലയ്ക്കും ഇടയാക്കും. ധാരാളം വെള്ളം കുടിക്കുന്നത് ഇതിനെ ചെറുക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ഊർജ്ജ നില മെച്ചപ്പെടുത്താനും സഹായിക്കും.

വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു: വെള്ളം കുടിക്കുന്നത് വൃക്കകളിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

എന്നിരുന്നാലും, കൂടിയ അളവിൽ വെള്ളം കുടിക്കുന്നതിനെയും ഡോ കിരൺ ദലാൽ എതിർക്കുന്നു. കാരണം ഇത് ഓവർഹൈഡ്രേഷന് ഇടയാക്കും, മാത്രമല്ല തലവേദന, ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.

കൂടാതെ, ചില പഠനങ്ങൾ ജാപ്പനീസ് വാട്ടർ തെറാപ്പിയുടെ സാധ്യതകൾ സാധുകരിക്കുന്നുണ്ടങ്കിലും, പ്രത്യേക ഫലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണം പരിമിതമാണെന്നാണ് ഡോ കിരൺ ദലാൽ സൂചിപ്പിക്കുന്നത്. അതുകൊണ്ട്തന്നെ ജാപ്പനീസ് വാട്ടർ തെറാപ്പി ഒരു രോഗശമനമല്ലെന്നും പരമ്പരാഗത വൈദ്യചികിത്സയ്ക്ക് പകരമായി ഉപയോഗിക്കരുതെന്നും ഓർക്കണം.

“ഓരോ വ്യക്തിക്കും സുരക്ഷിതവും ഫലപ്രദവുമായ ജലത്തിന്റെ അളവ് അവരുടെ വ്യക്തിഗത ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യാസപ്പെടാം. നിങ്ങൾക്ക് അനുയോജ്യമായ ജലത്തിന്റെ അളവ് നിർണ്ണയിക്കാൻ ഒരു ഡോക്ടറെയോ രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യനെയോ സമീപിക്കാം, ” അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button