ഗൂഗിൾപേയിൽ കൈക്കൂലി; സമഗ്ര അന്വേഷണത്തിനൊരുങ്ങി വിജിലൻസ്

ഗൂഗിൾപേയിൽ കൈക്കൂലി; സമഗ്ര അന്വേഷണത്തിനൊരുങ്ങി വിജിലൻസ്

ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതോടെ സമ​ഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലൻസ്. ഏജന്റുമാർ ഗൂഗിൾപേ വഴി വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പണം നൽകുന്നതായും ഓൺലൈനായി അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ കിമ്പളം വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു.

തെളിവ് ശേഖരണത്തിന്റെ ഭാ​ഗമായാണ് വിജിലൻസ് വിശദമായ അന്വേഷണം നടത്തുന്നത്. പിടിക്കപ്പെട്ട ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. പണം കൈമാറിയ ഫോൺനമ്പർ സംബന്ധിച്ച് പരിശോധന നടത്തും. അക്കൗണ്ടുകളിലെ മുൻകാല ഇടപാടുകൾ പരിശോധിക്കും. തെളിവ് ലഭിച്ചാൽ ഉദ്യോഗസ്ഥർക്ക് എതിരെയും ഏജന്റുമാർക്ക് എതിരേയും നിയമനടപടി സ്വീകരിക്കും.

പല ഏജന്റുമാരും സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസിനെക്കാൾ വളരെ കൂടുതൽ തുക അപേക്ഷകരിൽനിന്നും ഈടാക്കിയിട്ടുണ്ട്. 53 ആർ.ടി.ഒ., ജോയന്റ് ആർ.ടി. ഓഫിസുകളിലായിരുന്നു ‘ഓപ്പറേഷൻ ജാസൂസ്’ എന്നപേരിൽ മിന്നൽപരിശോധന. മോട്ടോർ വാഹന ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധന നടന്നു. മൂവാറ്റുപുഴ ആർ.ടി. ഓഫിസിലെ ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിൽനിന്നും പിടിച്ചെടുത്ത ഒൻപത് എടിഎം കാർഡുകളിൽ അഞ്ചെണ്ണം അയാളുടെ പേരിലുള്ളതല്ലായിരുന്നു.

പരിവാഹൻ എന്ന സോഫ്റ്റ്‌വെയർ മുഖേനയാണ് മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം പകർപ്പ് ഓഫിസുകളിൽ സമർപ്പിക്കണം. ഈ സമയത്ത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്നതടക്കം ഒട്ടേറെ പരാതികളാണ് ലഭിച്ചിരുന്നത്. ഏജന്റുമാർ ശേഖരിക്കുന്ന കൈക്കൂലിപ്പണം നേരിട്ട് കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ ഏജന്റുമാർ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ ബാങ്ക് അക്കൗണ്ട് ആരംഭിച്ചശേഷം എടിഎം കാർഡ് ഉദ്യോഗസ്ഥർക്ക് കൈമാറും.

ഏജന്റുമാരിൽ പലരും ആർ.ടി. ഓഫീസിലെ റെക്കോഡുകൾ അനധികൃതമായി സൂക്ഷിക്കുന്നുണ്ട്. ജനങ്ങൾക്ക് നേരിട്ട് രജിസ്റ്റേഡ് തപാലിൽ അയച്ചുകൊടുക്കേണ്ട രേഖകൾ ഉദ്യോഗസ്ഥർ ഏജന്റുമാരെ ഏൽപ്പിക്കുന്നെന്നും വിജിലൻസിന് പരാതി ലഭിച്ചിരുന്നു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശത്തെത്തുടർന്ന് ഐ.ജി. എച്ച്.വെങ്കിടേഷ്, എസ്.പി. ഇ.എസ്.ബിജുമോൻ, ഡി.എസ്.പി. സി.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽപരിശോധനയിൽ എല്ലാ വിജിലൻസ് യൂണിറ്റുകളും റേഞ്ച് ഓഫിസുകളും പങ്കെടുത്തു.

കോട്ടയം ആർ.ടി. ഓഫീസിൽ 1,20,000 രൂപയും അടിമാലിയിൽ 97,000 രൂപയും ചങ്ങനാശ്ശേരിയിൽ 72,200 രൂപയും കാഞ്ഞിരപ്പള്ളിയിൽ 15,790 രൂപയും ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി നൽകി. നെടുമങ്ങാട് ഓട്ടോ കൺസൾട്ടൻസി ഓഫിസിൽനിന്ന് കിട്ടിയത് 1,50,000 രൂപ. കോട്ടയം-36,050 രൂപ, കൊണ്ടോട്ടി-1,06,205 രൂപ, ആലപ്പുഴ-72,412 രൂപ, വെള്ളരിക്കുണ്ട്- 38,810 രൂപ, ചടയമംഗലം-32,400 രൂപ, കൊട്ടാരക്കര-34,300 രൂപ, പാലക്കാട്-26,900 രൂപ, റാന്നി-15,500 രൂപ, പത്തനംതിട്ട-14,000 രൂപ, പുനലൂർ-8100 രൂപ, കരുനാഗപ്പള്ളി-7930 രൂപ, കാക്കനാട്-8000 രൂപ എന്നിങ്ങനെ ഇവിടങ്ങളിലെ ആർ.ടി.ഓഫിസ് ഏജന്റുമാരിൽനിന്ന് പിടിച്ചെടുത്തു.

https://chat.whatsapp.com/DBmBSg0cgPE4mn804FEhTL

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes