
അവസാനം വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാന്റെ ജയം. ഇന്ത്യ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് അവർ മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ മുഹമ്മദ് റിസ്‌വാൻ (51 പന്തിൽ 71), മുഹമ്മദ് നവാസ് (20 പന്തിൽ 42) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് പാക്കിസ്ഥാന്റെ ജയത്തിൽ നിർണായകമായത്. അവസാനനിമിഷം തകർത്തടിച്ചആസിഫ് അലി (8 പന്തിൽ 16), ഖുശ്ദിൽ ഷാ (11 പന്തിൽ 14) എന്നിവരും തിളങ്ങി. ഇഫ്തിഖർ അഹമ്മദ് (1 പന്തിൽ 2) പുറത്താകാതെ നിന്നു.
ക്യാപ്റ്റൻ ബാബർ അസമിന് (10 പന്തിൽ 14) ഇന്നും തിളങ്ങാനായില്ല. മറുപടി ബാറ്റിങ്ങിൽ, നാലാം ഓവറിൽ രവി ബിഷ്ണോയ് ആണ് ബാബറിനെ കോലിയുടെ കൈകളിൽ എത്തിച്ചത്. പിന്നാലെയെത്തിയ ഫഖർ സമാൻ 18 പന്തിൽ 15 റൺസെടുത്ത് പുറത്തായി. യുസ്‌വേന്ദ്ര ചെഹലാണ് ഫഖറിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതിനുശേഷമാണ് നവാസും റിസ്‌വാനും ഒന്നിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു.
16–ാം ഓവറിൽ നവാസും 17–ാം ഓവറിൽ റിസ്‌വാനും പുറത്തായെങ്കിലും ഖുശ്ദിൽ ഷായും ആസിഫ് അലിയും ചേർന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 18–ാം ഓവറിന്റെ മൂന്നാം പന്തിൽ ആസിഫ് അലി നൽകിയ ക്യാച്ച് അർഷ്‌ദീപ് സിങ് വിട്ടുകളഞ്ഞത് ഇന്ത്യയുടെ നേരിയ വിജയസാധ്യതയും തല്ലിക്കെടുത്തി.
