
കോഴിക്കോട് കുറ്റ്യാടി മൊകേരിയില്‍ ഒന്‍പതുപേരെ കടിച്ചുപരുക്കേല്‍പ്പിച്ച തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നായയെ പിടികൂടിയത്. കടിയേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
വീട്ടുമുറ്റത്ത് തുണി അലക്കി നിന്ന യുവതിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. പിന്നാലെ റോഡിലൂടെ വന്ന രണ്ടു കുട്ടികളെയും കടിച്ചു. ഒപ്പം മറ്റൊരു കുട്ടിക്കും നായയുടെ കടിയേറ്റു.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം വഴിയില്‍ കാണുന്ന എല്ലാവരെയും നായ ആക്രമിച്ചു. ആടിനെ മേയ്ക്കാനെത്തിയ വീട്ടമ്മക്കും ആടിനുമുള്‍പ്പടെ കടിയേറ്റു. തെരുവ് നായ ആക്രമണം കൊണ്ട് പുറത്തിറങ്ങാന്‍ വയ്യാതായതോടെയാണ് നായയെ പിടികൂടാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. ഒരു ദിവസം മുഴുവനും നാടിനെ മുള്‍മുനയില്‍ നിര്‍ത്തിച്ച നായയെ നാട്ടുകാര്‍ തന്നെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. പേവിഷ പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.
