
ഇടുക്കി മുരിക്കാശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് കുട്ടികളേയും തട്ടിവീഴ്ത്തിയശേഷം നിർത്താതെ പോയ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ കുട്ടികൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവറോട് നാളെ ഓഫിസിൽ ഹാജരാകാൻ ആർ.ടി.ഒ നിർദേശം നൽകി. കുറ്റക്കാരനെന്ന് കണ്ടാൽ ലൈസൻസ് റദ്ദാക്കുമെന്ന് ആർ ടി ഒ അറിയിച്ചു.
കഴിഞ്ഞ മാസം 29 ന് ആണ് മുരിക്കാശേരിയിൽ വച്ച് കെ എസ് ആർ ടി സി ബസ് സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് മക്കളേയ ഇടിച്ച് വീഴത്തിയത്. അപകട ശേഷം കട്ടപ്പന ഡിപ്പോയിലെ ബസ് നിർത്താതെ പോയി. നാട്ടുകാരാണ് മൂവരേയും ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ചെറിയ പരുക്കുകൾ മാത്രമെ ഉള്ളു എങ്കിലും കുട്ടികൾക്ക് അപകടഭീതി വിട്ടൊഴിഞ്ഞിട്ടില്ല.
മാതാപിതക്കൾക്കൊപ്പം നേരിട്ടെത്തിയാണ് കുട്ടികൾ ഇടുക്കി ആർ ടി ഒ ആർ രമണന് വിശദമായ പരാതി എഴുതി നൽകിയത്. വാഹനം ഓടിച്ച ഡൈവറുടെ വിശദീകരണം ആർ.ടി.ഒ നാളെ കേൾക്കും . വിശദീകരണം തൃപ്തികരണം അല്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ ഉള്ള നടപടികളിലേക്ക് കടക്കുമെന്നും ആർ ടി ഒ പറഞ്ഞു.
