
ഭര്‍തൃപിതാവിനെ പലതവണ മര്‍ദിച്ച് പൊലീസുകാരിയായ മരുമകൾ. ഡൽഹിയിൽ സബ് ഇൻസ്പക്ടറായി ജോലി നോക്കുന്ന സ്ത്രീയാണ് തന്റെ മാതാവിന്റെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെയും മുന്നിൽവച്ച് ഭർതൃപിതാവിനെ മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചു എന്നാണ് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭർതൃപിതാവിന്റെ വീട്ടിൽവച്ചാണ് സംഭവം നടക്കുന്നത്. ഭർതൃപിതാവിനെ വനിതാ ഉദ്യോഗസ്ഥ പലതവണ അടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിന് മുമ്പ്, സ്ത്രീയും അമ്മയും പോലീസുകാരന്റെ മുന്നിൽ വെച്ച് വൃദ്ധനുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെടുന്നുണ്ട്. പിന്നാലെ സ്ത്രീ തന്റെ ഭർതൃപിതാവിനെ ഒന്നിന് പിറകെ ഒന്നായി അടിക്കുന്നു. ആക്രമണത്തിന് മകളെ അമ്മയും സഹായിക്കുന്നു. നഗരത്തിലെ ഡിഫൻസ് കോളനി പോലീസ് സ്‌റ്റേഷനിലെ എസ് ഐ ആണ് ആക്രമണം നടത്തുന്ന സ്ത്രീ. ഇവരും ഭര്‍തൃവീട്ടുകാരുമായി നിയമപ്രശ്നങ്ങൾ നടന്നുവരികയാണ്.
മനപ്പൂർവമുള്ള ദേഹോപദ്രവത്തിനുൾപ്പെടെ നിയമപ്രകാരം പല വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്ററ്‍ ചെയ്തിട്ടുണ്ട്. കുറ്റാരോപിതയായ പോലീസുകാരിക്കെതിരെ വകുപ്പുതല നടപടിക്കായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
