‘താലിമാല ഊരിവച്ചിട്ട് കൊണ്ടുപൊയ്ക്കോ’; ജീവനൊടുക്കിയ ഗർഭിണിക്ക് കൊടുംപീഡനം

കൊച്ചി: വടക്കൻ പറവൂരിൽ രണ്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടുകാർക്കെതിരെ ഉയരുന്നതു ഗുരുതരമായ ആരോപണങ്ങൾ. ആത്മഹത്യയാണെന്നു പറയുന്നുണ്ടെങ്കിലും അക്കാര്യത്തിൽ സംശയമുണ്ടെന്നാണ് അമലയുടെ ബന്ധുവായ ലാവണ്യ പ്രതികരിച്ചത്. അമല സ്വന്തം വീട്ടുകാരുമായി സംസാരിച്ചിട്ടുപോലും ആറുമാസത്തിലേറെയായെന്നു ബന്ധുക്കൾ പറയുന്നു.

ഓട്ടോ ഡ്രൈവറായ പറവൂത്തറ അയിക്കത്തറ രഞ്ജിത്തിന്റെ ഭാര്യയാണ് അമല (24). ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണു മരണത്തിനു കാരണമെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. അമലയും രഞ്ജിത്തും അച്ഛൻ അശോകനും അമ്മ ബിന്ദുവുമായിരുന്നു വീട്ടിലെ താമസക്കാർ. അമലയെ ഭർതൃവീട്ടുകാർ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നില്ല. വീട്ടിലേയ്ക്കു വിളിക്കുന്നതിനും ഫോൺ നൽകിയില്ലെന്നാണു ബന്ധുക്കളുടെ ആരോപണം. യുവതി ഗർഭിണിയായ വിവരംപോലും വീട്ടുകാർ അറിഞ്ഞില്ലത്രെ.

ഉച്ചയോടെയാണ് അമലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചത്. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നു പറഞ്ഞു. 2020 ഓഗസ്റ്റിലാണു തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമലയും പറവൂർ സ്വദേശിയായ രഞ്ജിത്തും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷം രണ്ടു പ്രാവശ്യമേ അമലയെ സ്വന്തം വീട്ടിലേയ്ക്കു പറഞ്ഞയച്ചുള്ളൂ. വീട്ടുജോലികൾ ചെയ്യാൻ അറിയില്ലെന്ന് ആരോപിച്ചു പെൺകുട്ടിയുമായി എപ്പോഴും വഴക്കിട്ടു. പ്രശ്നങ്ങൾ‌ പറഞ്ഞുതീർക്കാൻ ബന്ധുക്കൾ ഇടപെട്ടെങ്കിലും കലഹം ആവർത്തിക്കുകയായിരുന്നു.

വീട്ടുകാർക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ സ്വന്തം വീട്ടിലേയ്ക്കു വിടാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. അടുത്തു താമസിക്കുന്ന ബന്ധുവീട്ടിലെങ്കിലും നിർത്താൻ പറഞ്ഞിട്ടും അനുസരിച്ചില്ല. രണ്ടര മാസം മുൻപ് അമലയെ നേരിൽകണ്ടു സംസാരിച്ചെങ്കിലും ഭർതൃവീട്ടുകാർ അടുത്തു നിന്നതിനാൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു തുറന്നുപറയാൻ സാധിച്ചില്ലെന്നു ലാവണ്യ പറയുന്നു. പിതാവ് ഇടയ്ക്കു കൂട്ടിക്കൊണ്ടു പോകാൻ വന്നെങ്കിലും മാനസികമായി പീഡിപ്പിച്ച് തിരിച്ചയച്ചു. താലിമാല ഊരിവച്ചിട്ടു വേണമെങ്കിൽ കൊണ്ടുപൊയ്ക്കൊള്ളാനാണ് വീട്ടുകാർ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

‘താലിമാല ഊരിവച്ചിട്ട് കൊണ്ടുപൊയ്ക്കോ’; ജീവനൊടുക്കിയ ഗർഭിണിക്ക് കൊടുംപീഡനം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes