
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്മെന്റിലെ ലിഫ്റ്റിൽവച്ച് കുട്ടിക്ക് വളർത്തുനായയുടെ കടിയേറ്റു. ഗാസിയാബാദിലെ ചാംസ് കാസിൽ തിങ്കളാഴ്ചയാണ് സംഭവം. ഉടമയായ സ്ത്രീ നോക്കിനിൽക്കെ വളർത്തുനായ ആൺകുട്ടിയുടെ കാലിൽ കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നായയുടെ കടിയേറ്റ് വേദനകൊണ്ട് പുളയുന്ന കുട്ടിയെ ഗൗനിക്കാൻ സ്ത്രീ തയാറായില്ല.
കുട്ടി നിൽക്കുകയായിരുന്ന ലിഫ്റ്റിലേക്ക് സ്ത്രീ വളർത്തുനായയെയും കൊണ്ട് കയറുകയായിരുന്നു. കുട്ടി ലിഫ്റ്റിന്റെ മുൻവശത്തേക്ക് നീങ്ങിയപ്പോൾ നായ കുട്ടിയുടെ കാലിൽ കടിച്ചു. സ്ത്രീ കുട്ടിയെ നോക്കികൊണ്ടുനിൽക്കുന്നതല്ലാതെ ഒന്നും പ്രതികരിക്കുന്നില്ല. പിന്നീട് സ്ത്രീ നായയെ കൊണ്ട് ലിഫ്റ്റിൽനിന്നിറങ്ങി. പുറത്തിറങ്ങുന്നതിനിടെയും നായ കുട്ടിയെ കടിക്കാൻ ശ്രമിക്കുന്നത് കാണാം.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ഗാസിയാബാദ് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
