
കൊല്ലം ചാത്തന്നൂര്‍ ഇത്തിക്കരയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യംചെയ്തയാളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഗുരുതരമായി പരുക്കേറ്റ ചാത്തന്നൂർ സ്വദേശി താഹ എട്ടുദിവസമായി പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
മനുഷ്യനാണെന്ന ബോധമില്ലാതെ ചെയ്യുന്ന ക്രൂരതയുടെ ദൃശ്യമാണിത്. കഴിഞ്ഞമാസം മുപ്പതിന് ഇത്തിക്കര ബസ് സ്റ്റോപ്പിന് പുറകുവശത്താണ് ഇത് നടന്നത്. പൊതുസ്ഥലത്തിരുന്ന് പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനായിരുന്നു ഇൗ ക്രൂരത. ചാത്തന്നൂർ താഴം വടക്ക് മാവിലഴികംവീട്ടിൽ താഹയ്ക്കാണ് മര്‍ദനമേറ്റത്. ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശികളായ മുണ്ടപ്പുഴ തെക്കതിൽ ഷിഹാബുദ്ദീൻ, സുബിതാഭവനിൽ മുരുകൻ എന്നിവരാണ് താഹയെ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പ്രതികളായ ഇരുവരെയും ചാത്തന്നൂര്‍ പൊലീസ് കഴിഞ്ഞദിവസം പിടികൂടി. പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളോട് അവിടിരുന്ന് മദ്യപിക്കരുതെന്ന് താഹ പറഞ്ഞു. ഇതേത്തുടർന്ന് അസഭ്യം പറഞ്ഞ് പ്രതികൾ താഹയെ ആക്രമിച്ചു. താഹയുടെ വാരിയെല്ല് പൊട്ടുകയും ശ്വാസകോശത്തിനും ഹൃദയത്തിനും ക്ഷതമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ എട്ടുദിവസമായി പാരിപ്പിളളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് താഹ. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
