
ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ബലാല്‍സംഗം ചെറുത്ത പതിമൂന്നുകാരിയുടെ വായില്‍ ആസിഡൊഴിച്ചതിനു ശേഷം കഴുത്തറുത്തു കൊല്ലാന്‍ ശ്രമിച്ചു. നെല്ലൂരിനു സമീപമുള്ള വെങ്കിടാചലത്ത് തിങ്കളാഴ്ച വൈകീട്ടാണ് അതിക്രൂര ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കുട്ടി നെല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനായി പോരാടുകയാണ്.
നെല്ലൂരിനോടു ചേര്‍ന്നുള്ള വെങ്കിടാചലം ജില്ലയിലെ ഗ്രാമത്തിലാണു സംഭവം. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന െപണ്‍കുട്ടി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ കൂലിപ്പണിക്കായി പോയിരുന്ന സമയത്ത് ബന്ധുവായ യുവാവ് നാഗരാജ വീട്ടില്‍ അതിക്രമിച്ചു കയറിയത്. കടന്നുപിടിച്ച ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി സമീപത്തെ ശുചിമുറിയില്‍ കയറി ഒളിച്ചു. വാതില്‍ ബലമായി തുറന്ന അക്രമി ശുചിമുറി വൃത്തിയാക്കുന്നതിനുള്ള ആസിഡ് പെണ്‍കുട്ടിയുടെ വായിലൊഴിച്ചു. തുപ്പിയതിനെ തുടര്‍ന്നു മുഖത്താകെ ആസിഡ് വീണുപൊള്ളി. ഉച്ചത്തില്‍ കരഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് നാഗരാജെ പെണ്‍കുട്ടിയുടെ കഴുത്തു മുറിക്കുകയായിരുന്നു.
ബോധമറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അയല്‍വാസികളാണു പെണ്‍കുട്ടിയെ ആദ്യം കണ്ടത്. ഉടന്‍ തന്നെ നെല്ലൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. നിലഗുരുതരമായതോടെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇടപെട്ടു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുയാണ്. നാഗരാജനായി തിരച്ചില്‍ തുടങ്ങിയതായി വെങ്കിടാചലം എസ്.പി. അറിയിച്ചു

