
ഐ ഫോണുകൾ ചാർജർ ഇല്ലാതെ വിറ്റഴിച്ചതിന് ടെക് ഭീമനായ ആപ്പിളിന് 2.4 മില്യൺ (24 ലക്ഷം ) ഡോളർ പിഴ ഈടാക്കി ബ്രസീൽ. ചാർജറില്ലാതെ ഫോൺ വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. വിവേചനപരമായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസുരക്ഷ– നീതി വിഭാഗമാണ് ആപ്പിളിനെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ വകുപ്പും നടപടി സ്വീകരിച്ചതോടെ ഐഫോണിന്റെ 12,13 മോഡലുകൾ ബ്രസീലിൽ ചാർജറില്ലാതെ വിൽക്കാനാവില്ല.
പൂർണമല്ലാത്ത ഉൽപ്പന്നം വിറ്റതിനും, ഉപഭോക്താവിനോട് വിവേചനം കാണിച്ചതിനും ഉത്തരവാദിത്തം മറ്റുള്ളരുടെ മേൽ വച്ച് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചതിനും ഇക്കഴിഞ്ഞ ഡിസംബർ മുതൽ ആപ്പിളിനെതിരെ ബ്രസീലിൽ അന്വേഷണം നടന്ന് വരികയാണ്. ഇതിന് മുൻപും ആപ്പിളിന്റെ വിവേചനപരമായ നടപടികൾക്കെതിരെ ബ്രസീൽ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഇത്രയും കടുത്ത നടപടി ഇതാദ്യമാണ്.
പാരിസ്ഥിതിക കാരണങ്ങളാണ് ചാർജർ ഒഴിവാക്കിയതിന് ആപ്പിൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് പാരിസ്ഥിതിക കാരണങ്ങളല്ല, വിവേചനം ആണെന്ന് തന്നെ സർക്കാർ ആവർത്തിച്ചു. തുടർന്നാണ് നടപടി.
