തല്ലുമാല നിർമതാവിന്റെ അടുത്ത ചിത്രത്തിൽ ഫഹദ്, ഓടും കുതിര ചാടും കുതിര വരുന്നു

തല്ലുമാല നേടിയ വന്‍ വിജയത്തിനു ശേഷം ആഷിക് ഉസ്‍മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായകനാവുന്നത് ഫഹദ് ഫാസില്‍. ഓടും കുതിര ചാടും കുതിര എന്നാണ് സിനിമയുടെ പേര്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അല്‍ത്താഫ് സലിം ആണ് ചിത്രം ഒരുക്കുന്നത്. അല്‍ത്താഫ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണ് ഇത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സഹരചന അല്‍ത്താഫ് ആയിരുന്നു. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീത സംവിധാനം. അല്‍ത്താഫിന്‍റെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിനും സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറിയത്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്.

അരികില്‍ ഒരാള്‍ എന്ന ചിത്രമാണ് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ആദ്യ സിനിമ. തുടര്‍ന്ന് ചന്ദ്രേട്ടന്‍ എവിടെയാ, കലി. അഞ്ചാം പാതിരാ, ഡിയര്‍ ഫ്രണ്ട്, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ ബാനറിന്‍റേതായി പുറത്തെത്തി.

അതേസമയം സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് തല്ലുമാല. ഓഗസ്റ്റ് 12ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതുവരെ നേടിയ ആഗോള ഗ്രോസ് നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. 71.36 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലുമൊക്കെ ഓഗസ്റ്റ് 12 ന് തന്നെയാണ് ചിത്രം എത്തിയത്. യുഎസ്, കാനഡ, യുകെ, സിംഗപ്പൂര്‍, ആഫ്രിക്ക, സൌദി അറേബ്യ, യുഎഇ, ജിസിസി, യൂറോപ്പ് തുടങ്ങി വന്‍ ആഗോള റിലീസ് ആയിരുന്നു തല്ലുമാലയ്ക്ക്. ഇന്ത്യന്‍ റിലീസില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും മികച്ച സ്ക്രീന്‍ കൌണ്ട് ഉണ്ടായിരുന്നു. റിലീസ് ദിനം മുതല്‍ മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ഇത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൌദ്യോഗിക കണക്കുകള്‍. മികച്ച മൌത്ത് പബ്ലിസിറ്റി ലഭിച്ചതും റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ചതും ചിത്രത്തിന് രണ്ടും മൂന്നും വാരങ്ങളില്‍ നേട്ടമായി. മൂന്നാം വാരം കേരളത്തില്‍ 164 സ്ക്രീനുകള്‍ ഉണ്ടായിരുന്ന തല്ലുമാലയ്ക്ക് നാലാം വാരത്തില്‍ 110 സ്ക്രീനുകള്‍ ഉണ്ട്. ഓണം റിലീസുകള്‍ എത്തിത്തുടങ്ങിയിട്ടും ചിത്രത്തിന് പ്രേക്ഷകരുണ്ട് എന്നത് നേടിയ വിജയത്തിന്‍റെ വലിപ്പത്തെയാണ് കാണിക്കുന്നത്.

തല്ലുമാല നിർമതാവിന്റെ അടുത്ത ചിത്രത്തിൽ ഫഹദ്, ഓടും കുതിര ചാടും കുതിര വരുന്നു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes