ഇന്ത്യയിൽ നിന്ന് അണ്ണാൻ ഒളിച്ചു കടന്നത് സ്കോട്‌ലൻഡിലേക്ക്; യാത്ര കപ്പലിൽ, പിന്നിട്ടത് 11265 കിലോമീറ്റർ

ചുളുവിൽ ഒന്ന് ലോകം ചുറ്റിക്കാണാൻ അവസരം കിട്ടിയാൽ ആരാണ് പാഴാക്കുന്നത്. അങ്ങനെ കിട്ടിയ അവസരം പാഴാക്കാതെ ഉലകം ചുറ്റാനിറങ്ങിയ അണ്ണാനെക്കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലൻഡിൽ നിന്നും പുറത്തുവരുന്നത്. ഇന്ത്യയിൽ നിന്നു പുറപ്പെട്ട കപ്പലിൽ ഒളിച്ചു കടന്നായിരുന്നു അണ്ണാന്റെ ലോകസഞ്ചാരം. 11265 കിലോമീറ്റർ ദൂരമാണ് ഇങ്ങനെ അണ്ണാൻ സഞ്ചരിച്ചത്. ഇന്ത്യയിൽ നിന്നും ഏതാനും ആഴ്ചകൾ മുൻപ് പുറപ്പെട്ട ഡീപ് എക്സ്പ്ലോറർ എന്ന കപ്പലിലാണ് അണ്ണാറക്കണ്ണൻ കയറിയത്. ഡൈവർമാർക്കുള്ള സഹായ വാഹനമായി ഉപയോഗിക്കുന്ന കപ്പൽ സൂയസ് കനാൽ, മാൾട്ട എന്നിവിടങ്ങളെല്ലാം കടന്നാണ് സ്കോട്‌ലൻഡിലെ അബർദീനിലെത്തിയത്. ഏതാണ്ട് മൂന്നാഴ്ച നീണ്ട യാത്രയിലുടനീളം അണ്ണാൻ കപ്പലിൽ തന്നെ കഴിയുകയായിരുന്നു. കപ്പലിലുണ്ടായിരുന്നവർ പലതവണ അണ്ണാനെ കണ്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും അണ്ണാനെ തൊടാൻ പോലും സാധിച്ചില്ല. അതീവ സാമർഥ്യത്തോടെ വഴുതിമാറി ഓരോ തവണയും അണ്ണാൻ രക്ഷപ്പെട്ടു.

ഒടുവിൽ കരയ്ക്കടുക്കുന്നതിന് മൂന്നുദിവസം മുൻപ് മാത്രമാണ് ഇവർക്ക് അണ്ണാനെ കപ്പലിൽ നിന്നും പിടികൂടാനായത്. കാലാവസ്ഥയിലുണ്ടായ മാറ്റവും കടലിലെ അന്തരീക്ഷവുമെല്ലാം അണ്ണാനെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നതായി കപ്പലിലെ യാത്രികർ പറയുന്നു.അണ്ണാന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ഭക്ഷണമായി മുന്തിരി നൽകുകയും ചെയ്തിരുന്നു. സുരക്ഷിതനായി കരയിലെത്തിച്ച ശേഷം അതിനെ സ്കോട്‌ലൻഡിലെ നോർത്ത് ഈസ്റ്റ് വൈൽഡ് ലൈഫ് ആൻഡ് ആനിമൽ റെസ്ക്യൂ സെന്ററിന് കൈമാറി. ഏറെ ഊർജ്ജസ്വലനായ അണ്ണാന് സിപ്പി എന്നാണ് റെസ്ക്യൂ സെന്റർ പേര് നൽകിയിരിക്കുന്നത്. ദീർഘദൂര യാത്രകഴിഞ്ഞു വന്നതിനാൽ വലിയ കൂടിനുള്ളിൽ ക്വാറന്റീനിൽ പാർപ്പിച്ച് സിപ്പിയെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്ന് സെന്ററിലെ ഉദ്യോഗസ്ഥനായ കീത്ത് മാർലി പറഞ്ഞു.

അപരിചിത സാഹചര്യത്തിൽ എത്തിച്ചേർന്നതിന്റെ പരിഭ്രാന്തിയും യാത്രാക്ഷീണവും മാറ്റിനിർത്തിയാൽ അണ്ണാന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി. പാം സ്ക്വിറൽ വിഭാഗത്തിൽപ്പെട്ട അണ്ണാനാണ് സിപ്പി. സിപ്പിയെ തിരികെ ഇന്ത്യയിലെത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ അതിന് താമസിക്കാൻ പറ്റിയ സൗകര്യം തേടുകയാണ് അധികൃതർ. ഏതെങ്കിലും മൃഗശാലയിൽ ഇതേ ഇനത്തിൽപ്പെട്ട അണ്ണാന്മാരെ പാർപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണം തുടരുകയാണ്. ഒരേ ഇനത്തിൽപ്പെട്ട ജീവികൾക്കൊപ്പമാകുമ്പോൾ അണ്ണാന് നാട് മാറിയതിന്റെ ബുദ്ധിമുട്ടില്ലാതെ കഴിയാനാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയിൽ നിന്ന് അണ്ണാൻ ഒളിച്ചു കടന്നത് സ്കോട്‌ലൻഡിലേക്ക്; യാത്ര കപ്പലിൽ, പിന്നിട്ടത് 11265 കിലോമീറ്റർ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes