
ഓണത്തിന് പ്രവാസിയുടെ കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി. യഥാസമയം ബില്ലടച്ചിട്ടും ഇല്ലെന്നുകാട്ടി കോഴിക്കോട് ഓമശേരി സ്വദേശിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പരാതിയുണ്ടെങ്കില്‍ മുകളില്‍ പോയി പറയാനായിരുന്നു ജീവനക്കാരന്‍റെ മറുപടി. ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു. മന്ത്രിക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് ഷിഹാബുദിനും കുടുംബവും.
ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശി ഷിഹാബുദീനാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഷിഹാബുദീന്‍ കറന്‍റ് ബില്ല് അടച്ചിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വാദം. എന്നാല്‍ പേടിഎം വഴി ബില്ലടച്ചതിന്‍റെ രസീതടക്കം ഷിഹാബുദീന്‍ തെളിവായി മുന്നോട്ട് വയ്ക്കുന്നു. സാങ്കേതിക തകരാറാകാം പ്രശ്നത്തിന് കാരണമെന്ന് വിശദീകരിച്ചിട്ടും രക്ഷയില്ല. വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി ജീവനക്കാര്‍ സ്ഥലംവിട്ടു.
നടപടിയില്‍ പ്രതിഷേധിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ഷിഹാബുദീന്‍ പരാതി നല്‍കി. കെഎസ്ഇബിയുടെ ഓമശ്ശേരി സെക്ഷന്‍ ഓഫിസില്‍ പരാതി നല്‍കിയപ്പോഴും മോശം പെരുമാറ്റമായിരുന്നുവെന്ന് ഷിഹാബുദീന്‍ പറയുന്നു.
