
ഏതായാലും ആ പണം ഉപയോഗിക്കാനോ അതിലൊന്നും സ്വന്തമാക്കാനോ ഒന്നും ഡാരൻ തുനിഞ്ഞില്ല. പകരം അയാൾ നേരെ തന്റെ ബാങ്കിൽ വിളിച്ചു. ആ പണം അതിന്റെ യഥാർത്ഥ ഉടമയ്ക്ക് തന്നെ തിരികെ ഏൽപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു.
നിങ്ങൾക്ക് നിങ്ങളുടെ ബാങ്കിൽ നിന്നും ഒരു നോട്ടിഫിക്കേഷൻ വരുന്നു. അതിൽ ബില്ല്യൺ കണക്കിന് ഡോളർ ക്രെഡിറ്റ് ആയതായി കാണുന്നു. എന്താവും അവസ്ഥ? അമേരിക്കയിൽ ഒരാൾക്ക് അതുപോലെ സംഭവിച്ചിരിക്കുകയാണ്. അങ്ങനെ കുറച്ച് മണിക്കൂറുകൾ അയാൾ ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായി മാറി.
ഡാരൻ ജെയിംസ് എന്ന ഇയാളുടെ അക്കൗണ്ടിലേക്ക് 50 ബില്ല്യൺ ഡോളറാണ് ക്രെഡിറ്റായത്. അങ്ങനെ അയാൾ ഏതാനും മണിക്കൂർ ലോകത്തിലെ ഏറ്റവും വലിയ 25 -ാമത്തെ ധനികനായി. എന്നാൽ, തനിക്കും തന്റെ ബാങ്ക് അക്കൗണ്ടിനും എന്താണ് സംഭവിച്ചത് എന്നറിയാതെ ലൂസിയാനയിൽ നിന്നുള്ള ഈ മനുഷ്യൻ ശരിക്കും ഞെട്ടിപ്പോയി.
ഡെയ്‍ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഡാരൻ ആകെ ഞെട്ടിപ്പോയി. അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് കണ്ട് ആകെ വട്ടായിപ്പോയി എന്നാണ് ഡാരൻ പറയുന്നത്. ജീവിതത്തിൽ താൻ അത്രയും പൂജ്യം ഒരുമിച്ച് കണ്ടിട്ടില്ല എന്ന് ഡാരൻ പറയുന്നു.
‘ആരാണ് ആ പണം ഇട്ടത് എന്നാണ് ഞാൻ അന്തം വിട്ടത്. അടുത്തതായി ഞാൻ ചിന്തിച്ചത് ആരാണ് എന്റെ വാതിലിൽ മുട്ടാൻ പോകുന്നത് എന്നാണ്. കാരണം, അത്രയും പണമുള്ള ആരെയും ഞങ്ങൾക്ക് അറിയില്ലായിരുന്നു’ എന്ന് ഡാരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏതായാലും ആ പണം ഉപയോഗിക്കാനോ അതിലൊന്നും സ്വന്തമാക്കാനോ ഒന്നും ഡാരൻ തുനിഞ്ഞില്ല. പകരം അയാൾ നേരെ തന്റെ ബാങ്കിൽ വിളിച്ചു. ആ പണം അതിന്റെ യഥാർത്ഥ ഉടമയ്ക്ക് തന്നെ തിരികെ ഏൽപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു.
‘നമുക്കറിയാമായിരുന്നു അത് നമ്മുടെ പണമല്ല എന്ന്, അത് നമ്മൾ അധ്വാനിച്ചുണ്ടാക്കിയതല്ല, അതിനാൽ തന്നെ അതുകൊണ്ട് എന്തെങ്കിലും ചെയ്യാനും നമുക്ക് പറ്റില്ല’ എന്നാണ് ഡാരൻ പറഞ്ഞത്. ഏതായാലും അത് ആരുടെ പണമാണ് എന്നോ എങ്ങനെയാണ് അങ്ങനെ ഒരു അബദ്ധം പറ്റിയത് എന്നോ ബാങ്ക് വിശദീകരിച്ചിട്ടില്ല.
