
ഇന്ത്യന്‍ ജനാധിപത്യത്തെയും സാംസ്ക്കാരിക വൈവിധ്യത്തെയും ഏറെ ബഹുമാനിച്ചിരുന്നു എലിസബത്ത് രാജ്ഞി. മൂന്നു തവണ ഇന്ത്യ സന്ദര്‍ശിച്ച രാജ്ഞി , സ്വാതന്ത്ര്യത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷ വേളയില്‍ മുഖ്യാഥിതി ആയിരുന്നു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യ സ്വതന്ത്ര്യം നേടി 14 വര്‍ഷത്തിന് ശേഷം 1961 ൽ ആയിരുന്നു എലിസബത്ത് രാജ്‍ഞി ആദ്യമായി ഇന്ത്യയിൽ കാലു കുത്തിയത്. ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം എത്തിയ രാഞ്ജിയെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിച്ചു. 50 വർഷത്തിനിടയിലെ ഇന്ത്യയിലേക്കുള്ള ആദ്യ രാജകീയ സന്ദർശനമായിരുന്നു അത്. രാജ്ഘട്ടിൽ എത്തിയ എലിസബത്ത് രാജ്ഞി, ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതി ജയിച്ച മഹാത്മാ ഗാന്ധിക്ക് ആദരാജ്ഞലി അർപ്പിച്ചു. അന്ന് രാം ലീല മൈതാനിയില്‍ രാജ്ഞിക്കായി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രത്യേക സ്വീകരണ ചടങ്ങൊരുക്കി. രാജ്പഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ അവര്‍ മുഖ്യാഥിതിയായി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയ്‍സിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം മുംബൈ, ചെന്നെ, ജയ്പൂർ, ആഗ്ര, കൊൽക്കത്ത എന്നിവിടങ്ങൾ സന്ദർശിച്ചു.
1983 ലായിരുന്നു രണ്ടാം രാജകീയ സന്ദര്‍ശനം. മദര്‍ തെരേസക്ക് ഓണററി ഓഡർ ഓഫ് മെറിറ്റ് സമ്മാനിക്കാനുള്ള വരവില്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധി രാജ്ഞിയെ അനുഗമിച്ചു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 100 ആം വാർഷികത്തിൽ പങ്കെടുക്കാൻ ബംഗലൂരുവിലും എത്തി. 1997ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയുടെ അമ്പതാം വാര്‍ഷികത്തില്‍ എലിസബത്ത് രാജ്ഞി മുഖ്യാതിഥിയായി. വിവാദങ്ങളും നിറഞ്ഞു നിന്നു ആ യാത്രയില്‍. ജാലിയന്‍വാലബാഗ് സന്ദര്‍ശിച്ച അവര്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചു. രാജ്‍ഞി മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറി. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവുമായി എല്ലായ്പ്പോഴും മികച്ച ബന്ധം പുലര്‍ത്തി എലിസബത്ത് രാജ്ഞി. 2009 ൽ ലണ്ടനിൽ എത്തിയ രാഷ്ട്രപതി പ്രതിഭ പാട്ടിൽ രാജ്ഞിക്കൊപ്പം വിൻസർ കാസിലിലാണ് താമസിച്ചത്. നെഹ്റു മുതൽ മോദി വരെ മിക്ക പ്രധാനമന്ത്രിമാരുമായി രാജ്ഞി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആഥിത്യമര്യാദയും സാംസ്കാരിക സമ്പന്നതയും ഏറെ ഇഷ്ടപെടുന്നു എന്ന് രാജ്ഞി പറഞ്ഞു. ഇന്ത്യയോട് ഉണ്ടായിരുന്ന സ്നേഹവും അടുപ്പവും രാജകുടുംബാംഗങ്ങളെയും നിരവധി തവണ ഇന്ത്യയിലേക്കെത്തിച്ചു.
