പട്ടാമ്പി: പോക്സോ കോടതിയിൽനിന്നു മുങ്ങിയ പ്രതിയെ പൊലീസിന് കണ്ടെത്താനായില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് പോക്സോ കേസിലെ പ്രതി കൂറ്റനാട് ഹരിദാസൻ (39) കോടതിയിൽനിന്നു വിധി കേട്ടയുടൻ പൊലീസിനെ വെട്ടിച്ച് മുങ്ങിയത്. 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ 10 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ വിധി കേട്ട് മിനിറ്റുകൾക്കകം പ്രതി കോടതിയിൽ നിന്നും കടന്നുകളയുകയായിരുന്നു. മുങ്ങിയ പ്രതിക്കായി ഷൊർണൂർ ഡിവൈഎസ്പിയുടെ നിർദേശാനുസരണം പൊലീസ് 4 സംഘങ്ങളായി തിരിഞ്ഞ് കഴിഞ്ഞ രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
ശിക്ഷ വിധിച്ച പ്രതി കോടതിയിൽ നിന്ന് മുങ്ങാനിടയായതിനെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി ഷൊർണൂർ ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പട്ടാമ്പി സ്റ്റേഷന്റെ തൊട്ടടുത്താണ് പോക്സോ കോടതി. ചാലിശ്ശേരി പൊലീസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് കേസായതിനാൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ജയിലിലാക്കേണ്ട ഉത്തരവാദിത്തം ചാലിശ്ശേരി പൊലീസിനാണ്.
രക്ഷപ്പെട്ടത് പട്ടാമ്പി സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞതിന് പ്രതി ഹരിദാസനെതിരെ പട്ടാമ്പി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ചാലിശ്ശേരി പൊലീസും, പട്ടാമ്പി പൊലീസും, ഡിവൈഎസ്പിയുടെ സ്ക്വാഡും പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.