ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക: അഞ്ചുവിക്കറ്റ് ജയം

ഏഷ്യാ കപ്പിൽ ‘ഫൈനലിനു മുൻപുള്ള ഫൈനലി’ൽ പാക്കിസ്ഥാനെ നിഷ്പ്രഭരമാക്കിയ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം. ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഈ വർഷത്തെ ഫൈനലിസ്റ്റുകൾ നേർക്കുനേരെത്തിയപ്പോൾ, പാക്കിസ്ഥാനെതിരെ ശ്രീലങ്കയുടെ വിജയം അഞ്ച് വിക്കറ്റിന്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 19.1 ഓവറിൽ 121 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ പതറിയെങ്കിലും, പാത്തും നിസ്സങ്കയുടെ അർധസെഞ്ചറി മികവിൽ 18 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ശ്രീലങ്ക വിജയത്തിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇരു ടീമുകളും ഒരിക്കൽക്കൂടി മുഖാമുഖമെത്തും.

പാക്കിസ്ഥാൻ ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ശ്രീലങ്കയുടെ തുടക്കം പിഴച്ചെങ്കിലും, പിഴയ്ക്കാത്ത ഷോട്ടുകളുമായി കളംനിറഞ്ഞ പാത്തും നിസ്സങ്ക അവർക്ക് വിജയം സമ്മാനിച്ചു. ചേസിങ്ങിൽ ആദ്യ രണ്ട് ഓവറിൽ രണ്ടു റൺസിനിടെ ശ്രീലങ്ക രണ്ടു വിക്കറ്റ് നഷ്ടമാക്കിയതാണ്. എന്നാൽ, നിസ്സങ്ക 48 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 55 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

നിസ്സങ്കയ്ക്കു പുറമെ ഭാനുക രജപക്സെ (19 പന്തിൽ 24), ക്യാപ്റ്റൻ ദസൂൺ ഷാനക (16 പന്തിൽ 21), വാനിന്ദു ഹസരംഗ (മൂന്നു പന്തിൽ പുറത്താകാതെ 10) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. ഒരു ഘട്ടത്തിൽ 1–1, 2–2, 29–3 എന്നിങ്ങനെ തകർന്ന ശ്രീലങ്കയ്ക്ക്, നാലാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത നിസ്സങ്ക – രാജപക്സെ സഖ്യമാണ് വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും 39 പന്തിൽ കൂട്ടിച്ചേർത്തത് 51 റൺസ്.

ശ്രീലങ്കൻ നിരയിൽ കുശാൽ മെൻഡിസ് (0), ധനുഷ്ക ഗുണതിലക (0), ധനഞ്ജയ ഡിസിൽവ (9) എന്നിവർ നിരാശപ്പെടുത്തി. പാക്കിസ്ഥാനായി മുഹമ്മദ് ഹസ്നയ്ൻ മൂന്ന് ഓവറിൽ 11 റൺസ് വഴങ്ങിയും ഹാരിസ് റൗഫ് മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഉസ്മാൻ ഖാദിർ നാല് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.നേരത്തെ, നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത വാനിന്ദു ഹസരംഗ, നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മഹീഷ് തീക്ഷണ, 2.1 ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അരങ്ങേറ്റ താരം പ്രമോദ് മധുഷൻ എന്നിവരാണ് പാക്ക് ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

29 പന്തിൽ രണ്ടു ഫോറുകളോടെ 30 റൺസെടുത്ത ക്യാപ്റ്റൻ ബാബർ അസമാണ് അവരുടെ ടോപ് സ്കോറർ. മുഹമ്മദ് നവാസ് 18 പന്തിൽ 26 റൺസെടുത്തും മുഹമ്മദ് റിസ്‍വാൻ 14 പന്തിൽ 14 റൺസെടുത്തും പുറത്തായി. ഫഖർ സമാൻ (18 പന്തിൽ 13), ഇഫ്തിഖർ അഹമ്മദ് (17 പന്തിൽ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് പാക്ക് താരങ്ങൾ. ഖുഷ്ദിൽ (4), ആസിഫ് അലി (0), ഹസൻ അലി (0), ഉസ്മാൻ ഖാദിർ (3), ഹാരിസ് റൗഫ് (1) എന്നിവർ നിരാശപ്പെടുത്തി.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക: അഞ്ചുവിക്കറ്റ് ജയം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes