
ഓണം കഴിഞ്ഞിട്ടും കമ്മീഷന്‍ കിട്ടാതെ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍. ഉല്‍സവകാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപ പാഴ്വാക്കായെന്നും ഇവര്‍ പരാതിപ്പെടുന്നു. ഓണത്തിന് സര്‍ക്കാര്‍ സൗജന്യഭക്ഷ്യക്കിറ്റ് നല്‍കിയപ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് വിതരണക്കൂലി അനുവദിച്ചിരുന്നില്ല. വിതരണത്തിനായി 5 രൂപ ആവശ്യപ്പെട്ടിട്ടും ഒന്നും നല്‍കാതെ അവഗണിക്കുകയായിയിരുന്നുവെന്നാണ് റേഷന്‍ വ്യാപാരികളുടെ പരാതി.
ഓണത്തിന് മുന്‍പ് ഓഗസ്റ്റ് മാസത്തെ കമ്മീഷനും കുടിശിക വന്ന കിറ്റുകളുടെ വിതരണക്കൂലിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടും പരിഹാരമുണ്ടായില്ല. റേഷന്‍കടകള്‍ വഴിയുള്ള ഓണക്കിറ്റുകളുടെ വിതരണം ഈ മാസം ഏഴിന് തന്നെ അവസാനിപ്പിക്കണെമന്ന് സര്‍ക്കാര്‍ ഉത്തരവിടുമ്പോള്‍ പലകടകളിലും ഇപ്പോഴും കിറ്റ് വിതരണം പൂര്‍ത്തിയായിട്ടില്ല. സപ്ലൈകോ കിറ്റെത്തിക്കുന്നതില്‍ വരുത്തിയ വീഴ്ചയും സാങ്കേതിക പ്രശ്നങ്ങളുമാണ് കിറ്റുവിതരണത്തെ തടസപ്പെടുത്തിയത്. കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റുകളുടെ വിതരണക്കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്.
