
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ പൊണ്ണത്തടി കൂടുന്നതായി പഠന റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സോഷ്യൽ ഡവലപ്മെന്റിന്റേതാണ് പഠന റിപ്പോർട്ട്. സ്ത്രീകളിലെ പൊണ്ണത്തടി തമിഴ്നാട്ടിലാണ് ഏറ്റവും ഉയർന്നത് (9.5%). രണ്ടാമത് കർണാടക(6.9)യും മൂന്നാമത് കേരള(5.7)വുമാണ്. തെലങ്കാനയിലാണ് ഏറ്റവും കുറവ്. രണ്ട് ശതമാനം.
2019–2021 ലെ ദേശീയ കുടുംബാരോഗ്യ സർവേയുമായി താരതമ്യപ്പെടുത്തിയാണ് പഠനം. ഇതനുസരിച്ച് ദേശീയതലത്തിൽ നാലിലൊന്ന് സ്ത്രീകളും പൊണ്ണത്തടിയുടെ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. 22 ശതമാനമാണ് പുരുഷൻമാരിൽ പൊണ്ണത്തടിയുള്ളവർ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 120 ജില്ലകളിൽ നിന്നുള്ള 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പഠനവിധേയമാക്കിയത്. ഇതിൽ നിന്ന് ഗർഭിണികളെയും പ്രസവിച്ച് രണ്ട് മാസം മാത്രമായവരെയും ഒഴിവാക്കിയിരുന്നു. ഗ്രാമപ്രദേശത്തെ സ്ത്രീകളെ അപേക്ഷിച്ച് നഗരങ്ങളിൽ ഉള്ളവരിലാണ് പൊണ്ണത്തടി കൂടുതൽ കണ്ടെത്തിയത്. ദേശീയതലത്തിൽ പരിശോധിച്ചാൽ ക്രിസ്ത്യാനികൾക്കിടയിലാണ് (31.2) പൊണ്ണത്തടിയുള്ള സ്ത്രീകൾ കൂടുതലെന്നിരിക്കെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലായിടത്തും മുസ്ലിം സ്ത്രീകളിലാണ് പൊണ്ണത്തടി കൂടുതലെന്നും പഠനം പറയുന്നു. 1975 ന് ശേഷം ലോകത്ത് പൊണ്ണത്തടി മൂന്നിരട്ടിയായി വർധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
