
മരങ്ങളിൽ നിന്ന് പഴങ്ങളും കായകളുമൊക്കെ ശേഖരിക്കാൻ പലരും പല രീതികളും കൈക്കൊള്ളാറുണ്ട്. ചിലർ മരത്തിൽ കയറിപ്പറിക്കും, ചിലർ തോട്ടി ഉപയോഗിക്കും. എന്നാൽ ഇതിനെയെല്ലാം വെല്ലുന്ന ഒരു സംഭവമാണ് അങ്ങു ചൈനയിൽ നടന്നത്. പൈൻമരത്തിൽ നിന്നുള്ള കായകൾ പറിക്കാനായി ചൈനയിലെ ഒരു യുവാവ് വിചിത്രമായ ഒരു മാർഗമാണ് തിരഞ്ഞെടുത്തത്. ഒരു ഹൈഡ്രജൻ ബലൂണിലേറി പറന്ന് മരത്തിന് മുകളിലെത്തി കായകൾ പറിച്ചെടുക്കുക. എന്നാൽ ഈ ശ്രമത്തിൽ ഒരക്കിടി പറ്റി.
ബലൂൺ ലക്ഷ്യം തെറ്റി പറന്നുനടക്കാൻ തുടങ്ങി. ഇതെത്തുടർന്ന് യുവാവ് 350 കിലോമീറ്ററോളം ദൂരം ആകാശത്തു സഞ്ചരിച്ചു. രണ്ട് ദിവസം ഈ വിധത്തിൽ യുവാവ് മാനത്ത് പറന്നു നടന്നെന്നാണ് ചൈനീസ് മാധ്യമങ്ങൾ അറിയിക്കുന്ന വിവരം. ചൈനയിലെ ഹിലോങ്ജയാങ് പ്രവിശ്യയിൽ താമസിക്കുന്ന യുവാവിന്റെ പേര് ഹൂ എന്നാണ്. വടക്കുകിഴക്കൻ ചൈനയിലാണ് ഹിലോങ്ജയാങ് പ്രവിശ്യ. കായപറിക്കാനായി ഹൂവിനൊപ്പം ഒരു സുഹൃത്തും ബലൂണിൽ ചാടിക്കയറിയിരുന്നു. എന്നാൽ ബലൂൺ ഉയർന്നു തുടങ്ങിയതോടെ സുഹൃത്ത് ചാടിയിറങ്ങി, ഹൂ ആകാശത്തേക്കുയരാനും തുടങ്ങി.
യുവാവിന്റെ ഭാഗ്യം, അദ്ദേഹത്തിന്റെ മൊബൈൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ ഹൂവിനെ വിളിക്കുകയും ബലൂണിലിലെ വായു പതിയെക്കുറച്ച് സുരക്ഷിതമായ സ്ഥലത്ത് നിലത്തിറങ്ങാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. എന്നാൽ രണ്ട് ദിവസമെടുത്താണ് ഹൂ നിലത്തിറങ്ങിയത്. ഹിലോങ്ജയാങ്ങിൽ നിന്ന് അകലെയുള്ള ഫാൻഷെങ് മേഖലയിലാണ് ഒടുവിൽ ഹൂ വന്നിറങ്ങിയത്. റഷ്യൻ അതിർത്തിക്കു സമീപമാണ് ഫാൻഷെങ്.
ചെറിയ നടുവേദന ഒഴിച്ചു നിർത്തിയാൽ ഹൂവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ബലൂണിൽ രണ്ട് ദിവസം മുഴുവൻ നിന്നതാണ് നടുവേദനയ്ക്ക് വഴിവച്ചത്. ചൈനയുടെ മഞ്ചൂറിയൻ മേഖലയിലെ ഭക്ഷണത്തിൽ പൈൻകായകൾക്കുള്ളിൽ നിന്നുള്ള വിത്തുകൾ ഭക്ഷണവിഭവങ്ങളിൽ ഉപയോഗിക്കാറുണ്ട്.
