
പതിനേഴാം നൂറ്റാണ്ടിലെ ‘രക്തയക്ഷി’ എന്നു കരുതപ്പെടുന്ന സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. പോളണ്ടിലാണ് സംഭവം. ആർക്കിയോളജി പ്രൊഫസറായ ഡാരിയസ് പൊളിൻസ്കിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയത്. നിലത്ത് ചവിട്ടിത്താഴ്ത്തിയ രീതിയിൽ കഴുത്തിനു കുറുകെ അരിവാളുമായാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അരിവാൾ കൊണ്ട് പരുക്കേറ്റ് മരിച്ചവർ രക്തമൂറ്റി കുടിക്കുന്ന പിശാചായി മാറുമെന്നായിരുന്നു 1600കളിലെ പോർച്ചുഗീസ് വിശ്വാസം. കഴുത്തറുത്തോ, കഴുത്തിന് സാരമായി പരുക്കേറ്റോ മരിക്കുന്നവർ പ്രേതമായി ഉയിർത്തെഴുന്നേൽക്കും എന്നും കരുതിയിരുന്നു. എഴുന്നേൽക്കാൻ കഴിയാത്ത വിധം സ്ത്രീയുടെ കാലുകൾ കെട്ടിയിട്ടിരുന്നതായും പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിൽക്ക് തൊപ്പിയോടു കൂടിയാണ് മരിച്ച സ്ത്രീയെ സംസ്കരിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ആർഭാടജീവിതം നയിച്ചിരുന്നവർ മാത്രമാണ് ഇത്തരത്തിലുള്ള തൊപ്പികൾ ധരിച്ചിരുന്നത്. 17–18 നുറ്റാണ്ടുകളില്‍ പോളണ്ടിൽ വ്യത്യസ്തമായ സംസ്കാര ചടങ്ങുകൾ നടന്നിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. സമാനരീതിയിലുള്ള മൃതദേഹങ്ങൾ സമീപ പ്രദേശങ്ങളിൽ നിന്നും പലപ്പോഴായി കണ്ടെത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
