
കഴിഞ്ഞ മാസം ലൊസാഞ്ചലസിൽ നഴ്സ് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഗർഭിണി ഉൾപ്പെടെ അഞ്ചു പേരുടെ ജീവൻ നഷ്ടമായ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നഴ്സായ നിക്കോൾ ലിൻഡൻ (37) അമിത വേഗതയിലായിരുന്നു വാഹനമോടിച്ചിരുന്നതെന്ന് കോടതി രേഖകളിൽ വ്യക്തമാക്കുന്നു. 130 മൈൽ സ്പീഡിലാണ് അവർ കാർ ഓടിച്ചിരുന്നത്. വാഹനത്തിന്റെ വേഗത 90 മൈൽ ആണെന്നായിരുന്നു അവർ അവകാശപ്പെട്ടിരുന്നത്.
എന്നാൽ, അപകടത്തിനു അഞ്ചു സെക്കൻഡ് മുൻപ് 122 മൈൽ വേഗതയിലായിരുന്ന കാർ പെട്ടെന്ന് 130 മൈൽ വേഗത്തിലേക്ക് കുതിക്കുകയായിരുന്നുവെന്ന് കോടതി അധികൃതർ അറിയിച്ചു. അപകട സമയത്ത് നഴ്സ് അബോധാവസ്ഥയിലായിരുന്നു എന്നാണ് അവരുടെ അഭിഭാഷകർ വാദിച്ചത്. എന്നാൽ, മെഴ്‌സിഡസിൽ നിന്നുള്ള നിരീക്ഷണ വിഡിയോയും ഡാറ്റയും ഉദ്ധരിച്ച് അവൾക്ക് ബോധം നഷ്ടപ്പെട്ടുവെന്ന വാദങ്ങൾ പ്രോസിക്യൂട്ടർമാർ നിരസിച്ചു.
ഓഗസ്റ്റ് നാലിന് അമിത വേഗത്തിലെത്തിയ കാർ പല വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച്, തീപടർന്നാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗർഭിണിയായ അഷേറി റയാൻ, അവരുടെ 11 മാസം പ്രായമുള്ള മകൻ അൽസോണോ, അഷേറിയുടെ കാമുകൻ റെയ്നോൾഡ് ലെസ്റ്റർ എന്നിവരും നതാഷിയ ലൂയിസ്, അവരുടെ സുഹൃത്ത് ലൈനറ്റ് നോബിൾ എന്നിവർക്കുമാണ് ജീവൻ നഷ്ടമായത്. അഷേറിയും കുടുംബവും പ്രസവത്തിനു മുമ്പുള്ള പരിശോധനയ്ക്കായി പോകുമ്പോഴായിരുന്നു അപകടം.
ലിൻഡന്റെ അഭിഭാഷകർ കഴിഞ്ഞ മാസം അവരുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി മെഡിക്കൽ ഫോമുകൾ സമർപ്പിച്ചിരുന്നു. അവർ ബൈപോളാർ ഡിസോർഡർ ഉള്ളവർ ആണെന്ന് വ്യക്തമാക്കുകയും അപകടസമയത്ത് നഴ്‌സിന് ‘പ്രകടമായ ബോധക്ഷയം’ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന രേഖകളും ആയിരുന്നു ഇതിൽ.
